ചാലക്കുടി: ലോക്ക് ഡൗൺ കാലത്ത് ആദിവാസികൾ വീടിനകത്ത് ചടഞ്ഞു കൂടിയിരിക്കുന്നത് ഒഴിവാക്കാൻ വനം വകുപ്പ് വാഴച്ചാലിൽ സഞ്ചരിക്കുന്ന ലൈബ്രറിക്ക് തുടക്കമിട്ടു. ആദിവാസി കോളനികളിലെ എല്ലാ വീടുകളിലും പുസ്തകങ്ങൾ എത്തിച്ചു കൊടുക്കും.
കഥകളും നോവലുകളും ഒരാഴ്ചക്കുള്ളിൽ വായിച്ച് തീർത്തശേഷം തിരിച്ചു കൊടുക്കണം. ഇതോടെ പുതിയ പുസ്തകങ്ങൾ നൽകും. ഇതൊരു സ്ഥിരം സംവിധാനമാക്കാൻ വാഴച്ചാൽ വനം ഡിവിഷൻ ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ട്. കാടിന്റെ മക്കളിൽ വായനാ ശീലം വളർത്തുയാണ് ലക്ഷ്യം.
വാഴച്ചാലിൽ ബി.ഡി. ദേവസി എം.എൽ.എ അക്ഷര വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. ഡി.എഫ്.ഒ: എസ്.വി. വിനോദ്, ടി.ഡി.ഒ: ഇ.ആർ. സന്തോഷ്‌കുമാർ, അതിരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രദീപ്, റേയ്ഞ്ച് ഓഫീസർമാരായ നിധിൻകുമാർ, അജികുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.