തൃശൂർ: വയനാട് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിലായിരുന്നയാളെ ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്ന് ഡി.സി.സിയുടെ ഹെൽപ്പ് ലൈൻ വഴി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തൃശൂർ കോടശ്ശേരി കോർമല മാളിയേക്കൽ തങ്കച്ചനെയാണ് തൃശൂരിലെത്തിച്ചത്. കോർമല മാളിയേക്കൽ ബെന്നിയുടെ ഭാര്യ ബിജിയാണ് തന്റെ ഭർത്താവിന്റെ ജ്യേഷ്ഠനെ വയനാട് ജില്ലയിലെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ അത്യാസന്നനിലയിൽ അഡ്മിറ്റ് ചെയ്തിരുന്നത്.

ചികിത്സയ്ക്കായി പണമില്ല എന്ന് പറഞ്ഞ് ഡി.സി.സി യുടെ ഹെൽപ് ലൈൻ നമ്പറായ ജില്ല പഞ്ചായത്ത്‌ മുൻ പ്രസിഡൻ്റ്‌ സി.സി. ശ്രീകുമാറിനെ വിളിച്ചിരുന്നു. കഴിഞ്ഞ 25 വർഷമായി തങ്കച്ചൻ വയനാട്ടിൽ ടൈൽസ് ജോലിയെടുത്ത് ജീവിച്ചു വരികയായിരുന്നു. വയറുവേദനയെ തുടർന്ന് വയനാട്ടിലെ സ്വകാര്യ ക്ലിനിക്കിൽ കാണിക്കുകയും പിന്നീട് സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും അവിടെനിന്ന് മേപ്പാടി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. വയറിനകത്ത് മുഴയും രക്തസ്രാവവും ഉണ്ടായിരുന്നു. തന്മൂലമുള്ള ഇൻഫെക്‌ഷനിൽ രണ്ടു കിഡ്നിയുടെയും പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു. മലദ്വാരത്തിലെ രക്തസ്രാവം മൂലം അണുബാധയും ഉണ്ടായി. ഹെൽപ്പ് ലൈൻ നിർദ്ദേശപ്രകാരം ഓക്സിജൻ ഉള്ള ആംബുലൻസിൽ വയനാട്ടിൽ നിന്നും തങ്കച്ചനെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരികയും അവിടെനിന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരം തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അപകട നില ഇപ്പോഴും തരണം ചെയ്തിട്ടില്ല...