ചേലക്കര: വാട്‌സ് ആപ്പിലെ വ്യാജ സന്ദേശം കണ്ട് വിശ്വസിച്ച് അന്യന്റെ പൈനാപ്പിൾ തോട്ടത്തിൽ കയറി നാട്ടുകാർ പറിച്ചെടുത്തത് ആയിരക്കണക്കിന് കൈതച്ചക്ക. പിടിയിലായവർ അബദ്ധം മനസിലാക്കി ക്ഷമാപണം നടത്തിയപ്പോൾ മോഷണക്കേസിനു പകരം ലോക്ക് ഡൗൺ ലംഘന കുറ്റത്തിന് കേസെടുത്ത് പൊലീസ്.
കഴിഞ്ഞ ദിവസം തിരുവില്വാമല കുത്താമ്പുള്ളി യിലാണ് സംഭവം.
പഴശ്ശിരാജ സ്‌കൂളിനു സമീപത്തായുള്ള പത്തേക്കറോളം സ്ഥലത്ത് മൂവാറ്റുപുഴ സ്വദേശിയാണ് പൈനാപ്പിൾ കൃഷി നടത്തിവരുന്നത്. തോട്ടത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോട് ചോദിച്ച് കുറച്ച് പഴുത്ത പൈനാപ്പിൾ നാട്ടുകാരിൽ ചിലർ പറിച്ചെടുത്തു.
ഇതറിഞ്ഞ ആരോ ഒരാൾ ലോക്ക് ഡൗൺ ആയതിനാൽ പൈനാപ്പിൾ വിൽക്കാൻ കഴിയില്ലാത്തതിനാൽ ആവശ്യക്കാർക്ക് തോട്ടത്തിൽ നിന്നും പൈനാപ്പിൾ പറിച്ചു കൊണ്ടു പോകാം എന്ന വ്യാജസന്ദേശം വാട്സ് ആപ്പിലൂടെ അയച്ചു. സന്ദേശം പ്രചരിച്ചതോടെ വലുതും ചെറുതുമായ വാഹനങ്ങളിൽ ചാക്കും കൊട്ടയുമായി എത്തി പലരും പൈനാപ്പിൾ പറിച്ചു കൊണ്ടുപോയിത്തുടങ്ങി.

പിന്നീടാണ് തൊഴിലാളികളും മാനേജരും വിവരം അറിയുന്നത്. പൊലീസിനെ വിളിച്ചു വരുത്തിയപ്പോൾ അപ്പോഴുണ്ടായിരുന്ന പത്തോളം പേരെ കൈയ്യോടെ പിടികൂടി. അടുത്ത ദിവസം മൈസൂരിലേക്ക് പറിച്ച് കയറ്റി അയക്കാൻ നിറുത്തിയ പൈനാപ്പിളാണ് തങ്ങൾ ചാക്കിലാക്കിയിട്ടുള്ളതെന്ന അബദ്ധം പറ്റിയത് എല്ലാവർക്കും ബോദ്ധ്യമായത് അപ്പോഴാണ്.
ആറു ടണ്ണോളം പൈനാപ്പിൾ പലപ്പോഴായി പലരും കൊണ്ടുപോയതായാണ് സൂചന. എങ്കിലും
ജനപ്രതിനിധി ഇടപെട്ടതും ഉടമസ്ഥൻ കേസ് കൊടുക്കാത്തതിനാലും പിടിയിലായവരെ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ കുറ്റത്തിനു മാത്രം കേസെടുത്ത് പൊലീസ് വിട്ടയച്ചു. ഇവർ വന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസുകാരും സ്റ്റേഷനിലേക്ക് പോയി.