കൊടുങ്ങല്ലൂർ: ചുമട്ട് തൊഴിലാളികൾക്ക് പണിയും കൂലിയുമില്ലെങ്കിലും നഗരത്തിലെ തെരുവ് നായ്ക്കൾക്ക് നൽകി വരുന്ന സംരക്ഷണം തുടരുന്നു. നഗരത്തിൽ തെക്കേനടയിലുള്ള തൊഴിലാളികളാണ് കൊവിഡ് കാലത്തും കാരുണ്യം കൈവിടാതെ ശ്രദ്ധേയരാകുന്നത്. നഗരസഭ ജീവനക്കാരനായ പി.എൽ. സുബ്രഹ്മണ്യനാണ് തെരുവ് നായ്ക്കളുടെ ദൈന്യത തൊഴിലാളികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. രാവിലെ8ന് സുബ്രഹ്മണ്യൻ തെക്കെ നടയിലെ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ബിസ്ക്കറ്റുകളുമായി എത്തുന്ന പതിവുണ്ട്. സുബ്രഹ്മണ്യനെ കാത്ത് തെരുവ് നായ്ക്കളുമുണ്ടാകും. ഇത് ശ്രദ്ധയിൽ പെട്ട തൊഴിലാളികൾ ഉച്ചഭക്ഷണം ഉൾപ്പടെ നൽകാൻ തുടങ്ങി. ഇത് കഴിക്കാനായി സ്ഥിരമായി ഒരു കൂട്ടം നായ്ക്കൾ തെക്കെ നടയിൽ എത്താറുണ്ടിപ്പോൾ. ഇതറിഞ്ഞ് ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം നൽകിയത് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രനാണ്.