തൃശൂർ : രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത തൃശൂരിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതയിൽ വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുന്നു. ജനുവരി 30 ന് ആദ്യമായി ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിൽ വിദ്യാർത്ഥിനിക്ക് വന്നതടക്കം 13 പേർക്ക് വരെ രോഗം സ്ഥിരീകരിച്ചെങ്കിലും എല്ലാവരും പടിപടിയായി രോഗവിമുക്തരായി.
ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പദ്ധതികൾ കൃത്യമായി നടപ്പിലാകുകയായിരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർക്ക് മാത്രമാണ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടി വന്നത്. ശനിയാഴ്ച ഒരാൾ ആശുപത്രി വിട്ടപ്പോൾ ഇന്നലെ മൂന്ന് പേരും രോഗം ഭേദമായി വീട്ടിൽ പോയി. പൂങ്കുന്നം, ചാവക്കാട്, മാള, എലിഞ്ഞിപ്ര എന്നീ സ്വദേശികളാണ് രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിട്ടത്. രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ നിരീക്ഷണത്തിലിരിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.
നിലവിൽ രോഗം സ്ഥീരീകരിച്ച് ആശുപത്രികളിൽ കഴിയുന്ന രണ്ട് പേരിൽ ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവായി വന്നാൽ അദ്ദേഹവും ആശുപത്രി വിടും. പിന്നെ അവശേഷിക്കുന്നത് ഒരു പതിനഞ്ചുകാരനാകും. അതേ സമയം ഭീതി പൂർണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. 13 പേരിൽ നാലു പേർക്ക് രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെയാണെന്നുള്ളത് ആശങ്ക പുലർത്തേണ്ട കാര്യം തന്നെയാണ്.
ആകെ രോഗികളുടെ എണ്ണം-13
(ജനുവരി 30 ലെ ആദ്യ കേസടക്കം)
രോഗ വിമുക്തരായവർ -11
നിലവിൽ രോഗികളുടെ എണ്ണം- 2 (മെഡിക്കൽ കോളേജ്)
ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കുന്നത് -11
(മെഡിക്കൽ കോളേജ് 9, ചാലക്കുടി താലൂക്ക് ആശുപത്രി 2)
..................
ഹോട്ട് സ്‌പോട്ട് തുടരും
രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേരൊഴികെ എല്ലാവരും ആശുപത്രി വിട്ടെങ്കിലും ജില്ല ഹോട്ട് സ്‌പോട്ടായി തുടരും. രാജ്യത്ത് തന്നെ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തതിന് പുറമെ നാലുപേർക്ക് സമ്പർക്കത്തിലൂടെ രോഗം വന്നതുമാണ് ഹോട്ട് സ്‌പോട്ടായി നിലനിറുത്താൻ കാരണം.
................
പൂർണ്ണമായും ജനങ്ങളുടെ സഹകരണമാണ് ഇന്നത്തെ നിലയിലേക്കെത്താൻ കാരണം. മറ്റ് ജില്ലകളെ അപേക്ഷിച്ച് തൃശൂരുകാർ രോഗത്തിന്റെ ഗുരുതരാവസ്ഥ ശരിക്കും മനസിലാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സർക്കാരിന്റെ നിർദ്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ അവർക്ക് സാധിച്ചു.
കെ.ജെ.റീന
ഡി.എം.ഒ