തൃശൂർ: ലോക്ക് ഡൗൺ കാലത്തെ പൊലീസിന്റെ സേവനങ്ങളെ 'ലോക്ക് ഡൗൺ' എന്ന ഹ്രസ്വചിത്രത്തിലൂടെ ആവിഷ്കരിച്ച് പൊലീസിന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചപ്പോൾ മണിക്കൂറിനുള്ളിൽ കണ്ടത് ലക്ഷത്തിലധികം കാഴ്ചക്കാർ. പൊലീസ് അക്കാഡമിയുടെയും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും വാട്സ് ആപ്പിലൂടെയുമാണ് 'ലോക്ക് ഡൗൺ' ഹ്രസ്വചിത്രം വൈറലാകുന്നത്.

പൊലീസുകാരിലെ മനുഷ്യത്വം വിളിച്ചോതുന്നതാണ് ഹ്രസ്വചിത്രം. ലോക്ക് ഡൗണിൽ വാഹന പരിശോധന നടത്തുന്ന പൊലീസ് സംഘത്തിൽ നിന്നാണ് ഹ്രസ്വചിത്രം തുടങ്ങുന്നത്. സ്കൂട്ടറിൽ വരികയായിരുന്ന യാത്രക്കാരന്റെ പിറകെ പാഞ്ഞെത്തുകയാണ് പൊലീസ് ജീപ്പ്. മകളുടെ പിറന്നാളിന് കേക്ക് വാങ്ങാനിറങ്ങിയതായിരുന്നു ആ അച്ഛൻ. പൊലീസ് വന്ന് കാര്യങ്ങൾ അന്വേഷിക്കുമ്പോൾ അച്ഛൻ തനിക്കു വേണ്ടി കേക്ക് വാങ്ങാനിറങ്ങിയതാണെന്ന് മകൾ പറയുന്നു. മകന്റെ പിറന്നാൾ ആഘോഷിക്കാൻ വാങ്ങിയ കേക്ക് പൊലീസുകാരൻ ആ കുട്ടിക്ക് കൊടുത്ത് പിറന്നാളാശംസകൾ നേർന്ന് മടങ്ങുകയാണ്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം കേരള പൊലീസ് അക്കാഡമി ഡിജിറ്റൽ നോളജ് മാനേജ്മെന്റാണ് പുറത്തിറക്കിയത്. അക്കാഡമിയിലെ സിവിൽ പൊലീസ് ഓഫീസർ ഐ.ബി ഷൈൻ ആണ് കഥയും തിരക്കഥയും രചിച്ചത്. അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ സ്റ്റേറ്റ് ട്രെയ്നറാണ് ഇദ്ദേഹം. എ.എസ്.ഐ. സാന്റോ തട്ടിലാണ് സംവിധാനം. സിവിൽ പൊലീസ് ഓഫീസർ മനുമോഹനാണ് എഡിറ്റിംഗ് നിർവഹിച്ചത്. പൊലീസുകാരായ തോമാസ് മാത്യു, വിനോദ് കുമാർ, ശ്രീകേഷ് എസ്. കമ്മത്ത്, എസ്.വി. അനീഷ്, വനിതാ പൊലീസുകാരി സി.എസ്. റോസ് മേരി, ഡി.ഐ.ജി. നീരജ് കുമാറിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ശോഭനയുടെ മകളും പൊലീസ് അക്കാഡമി സെൻട്രൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയുമായ ആൻലിയ പ്രിൻസൺ തുടങ്ങിയവരാണ് അഭിനേതാക്കൾ. അക്കാഡമി ഡയറക്ടർ ബി. സന്ധ്യ, ഡി.ഐ.ജി. നീരജ് കുമാർ എന്നിവരുടെ പ്രത്യേക അഭിനന്ദനവും നേടി.