കണ്ണീർപ്പാടത്ത് കർഷകർ
തൃശൂർ: ലോക്ക് ഡൗണിൽ ആഘോഷങ്ങളില്ലെങ്കിലും വിഷുവിന് കണിയൊരുക്കാൻ കണിവെള്ളരി ഇന്ന് മുതൽ ഓൺലൈനിൽ ലഭിക്കും. പ്രമുഖ ഭക്ഷണ വിതരണ ഓൺലൈൻ കമ്പനികൾ വഴി നഗരപ്രദേശങ്ങളിലാണ് പ്രധാനമായും വിതരണം നടത്തുക. തിരുവനന്തപുരത്തും കണ്ണൂരും തൃശൂരും ഓൺലൈൻ വിതരണം തുടങ്ങിയിരുന്നു. ഇതുപോലെ തൃശൂരിൽ വിതരണം തുടങ്ങാനാണ് ഹോർട്ടികോർപ് തയ്യാറെടുക്കുന്നത്. ഹോട്ടികോർപിൻ്റെ ഗുരുവായൂരിലുളള ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ചായിരിക്കും ക്രമീകരണങ്ങൾ. മറ്റ് നഗരങ്ങളിലെ സംഭരണ കേന്ദ്രങ്ങളിലേക്ക് വെളളരി എത്തിച്ച് അവിടെ നിന്ന് ഭക്ഷണ വിതരണ ഓൺലൈൻ കമ്പനി വിതരണം നടത്തും. ഇതിനായുളള കരാർ കമ്പനിയുമായി നടത്തിയിട്ടുണ്ട്.
അതേസമയം, ലോക്ക് ഡൗൺ കാലത്ത് കണ്ണീർപ്പാടത്താണ് കർഷകർ. മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കുമായി വെള്ളരിക്കൃഷി വ്യാപകമാക്കിയിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ കയറ്റുമതി ഉണ്ടായില്ല. അതുകൊണ്ടു തന്നെ മതിയായ വിലയും ലഭിച്ചില്ല. വെള്ളരിയുടെ വിളവെടുപ്പ് കൂടിയതിനാലാണ് ഹോർട്ടികോർപ്പ് ഓൺലൈൻ വിപണിയിലേക്ക് നീങ്ങിയത്. കൃഷി വകുപ്പിന്റെ വിഷു വിപണികളിലും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് പ്രമോഷൻ കൗൺസിലിൻ്റെ കേന്ദ്രങ്ങളിലും കണിവെള്ളരി വിൽക്കുന്നുണ്ട്. പെട്ടെന്ന് കേടാകില്ലെന്ന ആശ്വാസവും കർഷകർക്കുണ്ട്.
''ഓൺലൈൻ വിപണിയുടെ പ്രവർത്തനം ഇന്ന് തുടങ്ങുന്നതോടെ വിവരങ്ങൾ പൂർണ്ണമായും നൽകാനാകും. കർഷകരെയും ഉപഭോക്താക്കളെയും സഹായിക്കാനും മിതമായ വിലയിൽ വെള്ളരി ലഭ്യമാക്കാനുമാണ് ഇത്തരം വിപണി ആദ്യമായി പരീക്ഷിക്കുന്നത്. ''
-ഹോർട്ടികോർപ് അധികൃതർ
വി.എഫ്.പി.സി.കെ ഓൺലൈനിന്
കടമ്പകളേറെ
ലോക്ക് ഡൗൺ കാലത്ത് കർഷകർക്ക് തുണയാവാൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് പ്രമോഷൻ കൗൺസിൽ കേരള ആരംഭിച്ച ഓൺലൈൻ പച്ചക്കറി വിപണന സംവിധാനം ഫലം കാണാൻ കടമ്പകളേറെ. സഹകരണ സംഘങ്ങളിലും നഗരങ്ങളിലെ ചില കേന്ദ്രങ്ങളിലും മൊത്തമായി എത്തിച്ച് വിതരണം ചെയ്യുക മാത്രമാണ് പോംവഴി. ഓരോ വ്യക്തികളുടെയും വീട്ടുപടിക്കൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടായിരത്തോളം ഓർഡർ ലഭിച്ചെങ്കിലും അറുനൂറോളം പേർക്ക് മാത്രമാണ് എത്തിക്കാനായത്. കിറ്റ് ആയാണ് പച്ചക്കറി ലഭ്യമാക്കുന്നത്. പാവയ്ക്ക, പടവലങ്ങ, വെള്ളരി, പയർ, മത്തങ്ങ, കുമ്പളങ്ങ, ചേന, നേന്ത്രക്കായ എങ്ങനെ 8 കിലോ പച്ചക്കറികൾക്ക് 250 രൂപയാണ് ചാർജ് ഈടാക്കുന്നത്. പഴവർഗ്ഗ കിറ്റിൽ ഒരു കിലോ നേന്ത്രപ്പഴവും ഓരോ കിലോ വീതം പൈനാപ്പിളും പൂവൻപഴവും ഉൾപ്പെട്ട കിറ്റിന് 125 രൂപയാണ്.