തൃശൂർ: ജില്ലയിലെ അശ്വിനി, വെസ്റ്റ് ഫോർട്ട്, ജൂബിലി ആശുപത്രികളിലെ ജീവനക്കാർക്ക് മാർച്ചിൽ നൽകേണ്ട മുഴുവൻ ശമ്പളവും ഏപ്രിൽ 20 നുള്ളിൽ കൊടുത്തു തീർക്കും. ശമ്പള കുടിശ്ശികയുണ്ടെന്ന പരാതിയെ തുടർന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. അശ്വിനി ആശുപത്രി മാനേജ്മെന്റ് ജീവനക്കാർക്ക് നൽകിയ അയ്യായിരം രൂപ കഴിച്ചുള്ള പാതി ശമ്പളത്തുക ഇന്ന് കൊടുത്തു തീർക്കും. ബാക്കി തുക ഏപ്രിൽ 20 നു നൽകും. വെസ്റ്റ് ഫോർട്ട്, ജൂബിലി മാനേജ്മെന്റുകൾ ശമ്പളത്തിന്റെ പാതി തുക നേരത്തെ നൽകിയിരുന്നു. ബാക്കി പാതി ഏപ്രിൽ 20 ന് കൊടുത്തു തീർക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ മന്ത്രിക്ക് ഉറപ്പ് നൽകി.

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാർച്ചിലെ മുഴുവൻ ശമ്പളവും നൽകണമെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. തൊഴിൽ പ്രശ്നമോ, തർക്കമോ അല്ല ഇത്. പ്രത്യേക സാമൂഹിക സാഹചര്യത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണിത്. ലോക്ക് ഡൗൺ നീണ്ടാൽ പ്രതിസന്ധി കൂടുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായി കളക്ടറുടെ ചേംബറിൽ പ്രത്യേകമായും കോൺഫറൻസ് ഹാളിൽ ഒരുമിച്ചുമായിരുന്നു ചർച്ച. ജീവനക്കാർക്ക് താമസസൗകര്യം നൽകാമെന്ന് അശ്വിനി മാനേജ്മെന്റും അറിയിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലാ ലേബർ ഓഫീസർ ടി.ആർ രജീഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു...