ചാലക്കുടി: കൊവിഡ് കാലത്ത് മീൻ തിന്നണമെന്ന ആഗ്രഹം തോന്നി മാർക്കറ്റിലിറങ്ങിയാൽ പണിയാകും. പഴകിയതും വിഷാംശം അടങ്ങിയതുമാകും വിൽപ്പനയ്ക്ക് വച്ച മത്സ്യമെല്ലാം. ഇതോടെയാണ് പരിയാരം മോതിരക്കണ്ണിയിലെ ഫിഷ് ഫാമിൽ തിരക്കേറിയത്. പ്രവാസിയായ കരിപ്പായി വീട്ടിൽ ജോസഫാണ് രണ്ടര ഏക്കറിലെ മത്സ്യ സമ്പത്ത് വിളയിച്ചെടുക്കുന്നത്.

ഗിഫ്റ്റ് തിലാപ്പിയയാണ് രണ്ടു വിശാലമായ കുളങ്ങളിൽ വളരുന്നത്. വിജയവാഡയിൽ നിന്നും കുഞ്ഞുങ്ങളെ എത്തിച്ചാണ് മത്സ്യക്കൃഷി. ലോക്ക് ഡൗൺ കാലത്ത് നട്ടം തിരിയുന്ന മോതിരക്കണ്ണിയിലെ ജനങ്ങൾക്ക് ഈസ്റ്റർ ആഘോഷത്തിന് വാലുകുളം ഫിഷറീസ് നൽകിയ ആശ്വാസം ചെറുതല്ല.

കുവൈറ്റിൽ അക്കൗണ്ടന്റ് ഉദ്യോഗം മതിയാക്കി തിരിച്ചെത്തിയ അമ്പത്തിയൊന്നുകാരൻ തന്റെ ആറേക്കർ സ്ഥലത്തെ ജാതിയും തെങ്ങുകളും വെട്ടിമാറ്റിയാണ് മത്സ്യക്കൃഷിയിറക്കിയത്. മത്സ്യക്കൃഷിയിലേക്ക് തിരിയുകയാണെന്ന് പറഞ്ഞപ്പോൾ പ്രോത്സാഹനം നൽകിയത് വിരലിലെണ്ണാവുന്നവർ മാത്രം.

ഒരുവർഷം മുമ്പായിരുന്നു തടക്കം. രണ്ടാംഘട്ടത്തിലെത്തുമ്പോൾ ആത്മധൈര്യം ഏറിയെന്ന് ജോസഫ് പറയുന്നു. മോതിരക്കണ്ണിയിലെ ഗ്രാമത്തനിമയിൽ മത്സ്യക്കൃഷി വ്യാപകമാക്കാനും ലക്ഷ്യമുണ്ട്. കട്ട്‌ല, മൃഗാല, രോഗു തുടങ്ങിയ മീനുകളുടെ കളിത്തൊട്ടിൽ തയ്യാറാക്കുന്നതിന്റെ പ്രവർത്തനങ്ങളും ആരംഭിച്ചു.

അലങ്കാര മത്സ്യങ്ങളും ഇവിടെ ഇടം പിടിക്കും. ജോസഫിന്റെ പുതിയ ദൗത്യത്തിൽ ന്യായ വിലയ്ക്ക് നാട്ടിലെ മീനുകൾ രുചിയോടെ കഴിക്കാമെന്ന ആശ്വാസത്തിലാണ് കോവിഡ് ദുരിതത്തിനിടയിലും മോതിരക്കണ്ണിക്കാർ.