ചാലക്കുടി: വേഗം ലോക്ക് ഡൗണിന്റെ ചങ്ങല പൊട്ടിച്ചിട്ടു വേണം മോതിരകണ്ണിക്കാർക്ക് മുരുകേഷിന്റെ കടയിലെത്തി ചായകുടിക്കാൻ. ഒപ്പം പത്രപാരായണവും പൊതു ചർച്ചയും നടത്തണം. ഇങ്ങനെ മനസ് വെമ്പുന്നവരുടെ എണ്ണം ചെറുതല്ല. ഇവരൊക്ക ഇപ്പോൾ കടുത്ത നിരാശയിലാണ്. തങ്ങളുടെ ഒത്തുചേരലിന്റെ ഓർമ്മകൾ താലോലിച്ചുള്ള അങ്കലാപ്പിൽ.
കിഴക്കു വെള്ള കീറിയാൽ ഓരോരുത്തരായി മോതിരക്കണ്ണി ജംഗ്ഷന് ഒരു വിളിപ്പാട് അകലെയുള്ള മുരുകേഷിന്റെ ചായക്കടയിലേക്ക് വച്ചു പിടിക്കും. ഇയാൾ വീശിയടിക്കുന്ന ചായയുടെ രുചി നുണയുന്നതിനിടെ പത്രവായനയും തുടങ്ങും. ഏതെങ്കിലും ഒരാൾ വായിക്കുമ്പോൾ ഒപ്പമുള്ളവർ സാകൂതം കേട്ടിരിക്കുന്ന പഴയകാല സമ്പ്രദായം ഇവിടെ ഇപ്പോഴും തുടരുന്നു. ഇതിനിടെ രാഷ്ട്രീയ സാമൂഹിക ചർച്ചകളും ഉയരും.
ഓരോ ബാച്ചുകൾ സ്ഥലം കാലിയാക്കുമ്പോഴേക്കും ഒരു മണിക്കൂർ പിന്നിട്ടിരിക്കും. അദ്ധ്യാപകനായ യൂജിൻ മോറേലി, മെക്കാനിക്ക് ആന്റു കളത്തിങ്കൽ, ജോസഫ് കടത്തനാടൻ, ആട്ടോ ഡ്രൈവർ രാജു അങ്ങനെ നീളുന്നു മുരുകേഷ് ടീ ഷോപ്പ് കം ലൈബ്രറിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം. എന്നാൽ ഗ്ലാസുകളുടെ കൂട്ടിയിടികളും മുരുകേഷിന്റെ കൈപുണ്യം നിറഞ്ഞ ചായ തയ്യാറാക്കലും ഒക്കെ ഇപ്പോൾ നിലച്ചു.
തമിഴ്‌നാട്ടുകാരനാണ് 53കാരൻ മുരുകേഷ്. മൂന്നര പതിറ്റാണ്ടു മുമ്പ് മോതിരക്കണ്ണിയിലെത്തിയതോടെ ഇയാൾക്ക് സ്വന്തം നാടുമായുള്ള ബന്ധം വേരറ്റു. ചായക്കടയിലൂടെയായിരുന്നു മലയാള മണ്ണിൽ ജീവിതം കരു പിടിപ്പിച്ചത്. ഇവിടത്തുകാരി ശകുന്തള ജീവിത സഖിയായി. രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞു. ചായക്കടയുടെ മുകളിലെ നിലയിൽ സ്ഥിരതാമസം. ഇപ്പോൾ ഇയാൾ ആശങ്കയിലാണ്. ജീവിതം വഴിമുട്ടുന്നതിന്റെ അങ്കലാപ്പിൽ.