കൊടുങ്ങല്ലൂർ: കിഡ്നി മാറ്റി വയ്ക്കൽ അനിവാര്യമായി വന്ന നിർദ്ധന കുടുംബത്തിലെ കുട്ടിക്കായി ചികിത്സാ സഹായ സമിതി സ്വരൂപിച്ച ഫണ്ടിൽ ചെലവായ സംഖ്യ കഴിച്ചുള്ള ബാക്കി സംഖ്യ മുഴുവനുമായി ബന്ധപ്പെട്ട കുടുംബത്തിന് കൈമാറി. എടവിലങ്ങ് കാര പുളിഞ്ചോട് ഭാഗത്തെ മങ്ങാട്ടിൽ ഉണ്ണിക്കൃഷ്ണന്റെ മകൾ രേഷ്മയുടെ കിഡ്നി മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി രേഷ്മ ചികിത്സ സഹായ സമിതി സ്വരൂപിച്ചത് 26.89 ലക്ഷമാണ്. ഇതിൽ ആശുപത്രി അനുബന്ധ ചെലവായ 19.96 ലക്ഷം കഴിച്ച് ബാക്കി 6.93 ലക്ഷമാണ് രേഷ്മയുടെ കുടുംബത്തിന് കൈമാറിയത്.
ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ ചെക്ക് രേഷ്മയുടെ പിതാവ് ഉണ്ണിക്കൃഷ്ണന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ആദർശ്, എടവിലങ്ങ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്. അനിൽ കുമാർ, ചികിത്സാസമിതി ചെയർമാൻ ഇ.കെ സജീവൻ, പഞ്ചായത്ത് മെമ്പർ ജൈനി ജോഷി, ചികിത്സാസമിതി ഭാരവാഹികളായ കെ.ജി പ്രസാദ്, എം.എസ് അജിതൻ, കെ.കെ. വിഷ്ണുശാന്തി, ടി.കെ ഉണ്ണിക്കൃഷ്ണൻ, ഗ്രാമം ക്ലബ് പ്രവർത്തകർ എന്നിവർക്ക് പുറമെ ജീവകാരുണ്യ പ്രവർത്തകരായ രാജേഷ് രാമൻ, എം.കെ സഹീർ, സൽമ സജിൻ എന്നിവർ സംബന്ധിച്ചു.