ചാലക്കുടി: കൈനിറയെ സമ്മാനങ്ങളുമായി ഈസ്റ്റർ ആശംസ നൽകാൻ നഗരസഭാ കമ്മ്യൂണിറ്റി കിച്ചനിൽ ബിഷപ്പ് ഡോ. പോളി കണ്ണൂക്കാടൻ എത്തി. ബിഷപ്പിന്റെ അപ്രതീക്ഷിത സന്ദർശനം കിച്ചണിൽ ഭക്ഷണം തയ്യാറാക്കിയിരുന്നവർക്ക് അമ്പരപ്പും ആഹ്ലാദവും നൽകി. ഇരിങ്ങാലക്കു രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടനാണ് ഈസ്റ്റർ ദിനത്തിൽ ആശംസ നൽകാനായി നഗരസഭയിലെത്തിയത്.

നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സെക്രട്ടറി ആകാശ് എം.എസ് എന്നിവർ ചേർന്ന് ബിഷപ്പിനെ സ്വീകരിച്ചു. തുടർന്ന് ബിഷപ്പ് കിച്ചനിലെത്തി. ഈസ്റ്റർ സ്‌പെഷ്യൽ ചിക്കൻകറി അടക്കമുള്ള വിഭവങ്ങളുടെ കലവറ കണ്ട് നല്ല ഇടയന്റെ മനം നിറഞ്ഞു. ഭക്ഷണം തയ്യാറാക്കിയവരെ അഭിനന്ദനിക്കാനും ബിഷപ്പ് മറന്നില്ല. തുടർന്ന് ഭക്ഷണക്കിറ്റുകൾ തയ്യാറാക്കുന്ന കുടുംബശ്രീ അംഗങ്ങളുടെ അടുത്തെത്തി. കുശലാന്വേഷണങ്ങൾക്ക് ശേഷം കൈയ്യിൽ കരുതിയിരുന്ന സമ്മാനം അവർക്ക് നല്കി.

പത്തോളം കുടംബശ്രീ അംഗങ്ങൾക്ക് ഈസ്റ്റർ സമ്മാനമായി സാരികളാണ് ബിഷപ്പ് സമ്മാനിച്ചത്. സാരിയുടെ കളറൊക്കെ നിങ്ങൾക്കിഷ്ടപ്പെടുമോയെന്ന് അറിയില്ലെന്നും ന്റെ ഈസ്റ്റർ സമ്മാനം സ്വീകരിക്കണമെന്നും ബിഷപ്പ് പറഞ്ഞു. തുടർന്ന് അവിടെ കൂടിയിരുന്നവർക്ക് പേനകളും മധുരവും വിതരണം ചെയ്തു. പൊതിച്ചോറുകൾ തയ്യാറാക്കുന്നവർക്കൊപ്പം കുറച്ച് നേരം വാഴ ഇലകളിൽ ഭക്ഷണം വിളമ്പി നൽകിയുമാണ് ബിഷപ്പ് മടങ്ങിയത്.

രൂപതാ ഫിനാൻസ് മാനേജർ ഫാ. വർഗീസ് അരിക്കാട്ട്, സെക്രട്ടറി ഫാ. ചാക്കോ കാട്ടുപറമ്പിൽ, ഫാ. ഡിന്റോ തെക്കിനിയത്ത്, ഫാ. ജയിൻ എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.