തൃശൂർ: ലാത്തിരിയുടെയും പൂത്തിരിയുടെയും വർണ്ണക്കാഴ്ചകളില്ലാതെ, ഇടതടവില്ലാതെ വിഷുത്തലേന്ന് രാവിലെ മുതൽ പൊട്ടിത്തുടങ്ങുന്ന പടക്കങ്ങളുടെ ശബ്ദപ്പൊലിമയില്ലാതെ വിഷു. ആഭരണ, ഗൃഹോപകരണ സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കാത്തതിനാൽ പുതുവസ്ത്രം ധരിച്ചുള്ള വിഷു ആഘോഷമില്ല. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അന്യ സംസ്ഥാനങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ അതും അസ്ഥാനത്തായി.

ഈസ്റ്ററിന്റെ കുറവ്, വിഷു പൊടിപൊടിച്ച് ആഘോഷിക്കാനാണ് കരുതിയിരുന്നത്. വിഷുവിന് പടക്ക വിപണിക്ക് പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വ്യാപാരികൾ നിവേദനം നൽകിയെങ്കിലും അവശ്യ വിഭാഗത്തിലുൾപെട്ടതല്ലാത്തതിനാൽ സർക്കാർ പരിഗണിച്ചിട്ടില്ല.

കണിവെള്ളരിയുടെ കൂമ്പാരമില്ല


വിഷുത്തലേന്ന് പച്ചക്കറി മാർക്കറ്റുകളിൽ സ്വർണ്ണവർണ്ണം നിറയുന്ന കണിവെള്ളരികൾ പതിവുക്കാഴ്ച്ചകളില്ല. ചെറുകിട പച്ചക്കറി കച്ചവടക്കാരുടെ തിരക്ക് മാത്രമാണ് വിപണിയിൽ ഉണ്ടായിരുന്നത്. എല്ലാ വർഷവും കണിവെള്ളരി നാടിൻപുറങ്ങളിൽ നിന്ന് ഈ ദിവസം ധാരാളം എത്താറുള്ളതാണെങ്കിലും ഇത്തവണ നാമമാത്രമാണ്. വൻതോതിൽ കണിവെള്ളരി വാങ്ങിക്കൂട്ടാൻ മൊത്ത കച്ചവടക്കാരും തയ്യാറായില്ല. അതിനാൽ തന്നെ അറുപത് രൂപ വരെയായി വില.


കണിക്കൊന്ന കച്ചവടം എങ്ങുമില്ല


വിഷുക്കണിയിലെ പ്രധാന ഇനമായ കണിക്കൊന്ന കച്ചവടം ഒരിടത്തും കാണാനായില്ല. മുൻ വർഷങ്ങളിൽ ഒരു പിടിക്ക് പതിനഞ്ച് മുതൽ മുപ്പത് രൂപ വരെ വാങ്ങിയിരുന്നു. എന്നാൽ ഇത്തവണ പരിസര പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് കിട്ടുന്നത് കൊണ്ട് തൃപ്തരാവുകയാണ് ഏവരും.

പടക്കത്തിനായി വ്യാപാരികൾക്ക് വിളി

മുൻഗാമികൾ പകർന്നു തന്ന സ്മരണകളിൽ ഒന്നും ഇങ്ങനെ ഒരു വിഷുവില്ലെന്ന് പടക്കവ്യാപാരികൾ. അതെ പടക്കം ഇല്ലാത്ത വിഷു തൃശൂരുക്കാർക്ക് ആലോചിക്കാൻ പോലുമാവില്ല. അതുകൊണ്ട് തന്നെ തൃശൂരിലെ പടക്ക മൊത്ത വ്യാപാരികളുടെ ഫോണിലേക്ക് വിളിയോട് വിളിയാണ്. എല്ലാവർക്കും വേണ്ടത് പടക്കം. പണം എത്രവേണമെങ്കിലും നൽകാൻ തയ്യാർ. എങ്ങനെ എങ്കിലും എത്തിച്ചു തരുമോ എന്നാണ് ചോദ്യം. കൊറോണയുടെ സാഹചര്യത്തിൽ മനുഷ്യന് വില നൽകുക. വിഷു ഇനിയും വരുമെന്ന മറുപടി നൽകുകയാണ് മൊത്ത വ്യാപാരികൾ. വിഷുവിന് കോടികളുടെ കച്ചവടമാണ് തൃശൂരിൽ നടക്കുക. മാർച്ച് ആദ്യവാരത്തിൽ മൊത്ത വിപണിയിൽ അവസാന സ്റ്റോക്കും എത്തി. എപ്രിൽ ആദ്യത്തിൽ ചെറുകിട കച്ചവടക്കാർ പടക്കം, കമ്പിത്തിരി, മേശപൂത്തിരി അടക്കം തേടി എത്തും.


ചക്ക കിലോ 15, മാമ്പഴം 50


വിഷു സദ്യയിലെ പ്രധാന വിഭവങ്ങളാണ് ചക്ക എരിശേരിയും മാമ്പഴ കാളനും. മുൻ വർഷങ്ങളിൽ ചക്ക അന്യ സംസ്ഥാനങ്ങളിലേക്ക് ചക്കയും മാങ്ങയും വൻ തോതിൽ കയറ്റി പോകാറുണ്ടെങ്കിലും ഇത്തവണ ലോക്ക് ഡൗൺ അയതിനാൽ ചക്കയും മാങ്ങയും ലഭിക്കാറുണ്ട്. വിലയും മുൻ വർഷത്തേക്കാൾ കുറവാണ്. ചക്ക കിലോയ്ക്ക് 15 മുതൽ 20 രൂപയും മാമ്പഴത്തിന് കിലോയ്ക്ക് 50 രൂപയുമാണ് വില.