തൃശൂർ : കാടുകൾ കയറിയും കുളങ്ങളും കായലുകളും തപ്പിയും ഏക്‌സൈസ് വകുപ്പ് വ്യാജ വാറ്റ് തടയാൻ നടപടികളുമായി മുന്നോട്ട് പോകുമ്പോഴും വാറ്റ് കേന്ദ്രങ്ങൾ കൂടുന്നു. എക്‌സൈസ് വകുപ്പ് നിരവധി സ്‌ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തി വാറ്റ് കേന്ദ്രങ്ങൾ നശിപ്പിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ മുഴുവൻ ബിവറേജ് ഔട്ട് ലെറ്റുകൾ, ബാറുകൾ അടച്ചുപൂട്ടിയതോടെയാണ് ചാരായം വാറ്റിലേക്ക് തിരിഞ്ഞത്. വീപ്പകളിലും പെയിന്റ് ടിന്നുകളിലും കുഴിയെടുത്ത് അതിൽ ടാർപായ, പ്ലാസ്റ്റിക്ക് ഷീറ്റുകളിലുമായാണ് വാഷ് ഉത്പാദിപ്പിക്കുന്നത്. വാഷ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉണ്ട ശർക്കര യഥേഷ്ടം ലഭ്യമാകുന്നത് മേഖലകളിൽ സഹായകരമാകുന്നുണ്ട്. സാധാരണ ഉണ്ടാകുന്നതിനേക്കാളും കൂടുതൽ അബ്കാരി കേസുകളാണ് ലോക്ക് ഡൗണിൽ പിടികൂടിയത്. മദ്യലഭ്യത ഇല്ലാത്തതിനാൽ ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം ബാധിച്ച നൂറോളം രോഗികൾ ചാലക്കുടി വിമുക്തി സെന്ററിൽ ചികിൽസ തേടിയിരുന്നു.

ഒരു ലിറ്ററിന് വില 1800

വാറ്റുകാർ ഒരു ലിറ്ററിന് വാങ്ങുന്നത് ലിറ്ററിന് 1,500 രൂപ മുതൽ 1,800 രൂപ വരെയാണ്. കന്നാസുകളിലായി രഹസ്യ കേന്ദ്രങ്ങളിൽ എത്തിച്ചാണ് വിൽപ്പന.

കേസുകൾ
അബ്കാരി കേസ് 41 , അറസ്റ്റ് 12
എൻ.ഡി.പി.എസ് കേസ് 6 , അറസ്റ്റ്6
കോട്ട്പാ കേസ് 20 എണ്ണം
സ്പിരിറ്റ് 2 ലിറ്റർ
ചാരായം 76.200 ലിറ്റർ
വാഷ് 7648 ലിറ്റർ
കഞ്ചാവ് 94 ഗ്രാം


ഒരു കാർ ഉൾപ്പെടെ ലക്ഷക്കണക്കിന് വില വരാവുന്ന വാറ്റ് ഉപകരണങ്ങളാണ് ലോക്ക് ഡൗൺ കാലയളവിൽ കണ്ടെടുത്തത്.


(പി.കെ സാനു, തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ)