തൃശൂർ: കൊവിഡ് 19 രോഗഭീതിയും, ലോക്ക് ഡൗണുമെല്ലാം വിഷുവിന്റെ പൊലിമ കുറച്ചെന്ന് പറയുമ്പോഴും മനസുകളിലെ ആഘോഷങ്ങൾക്ക് ലോക്കും ഡൗണുമില്ല. ക്യാമ്പുകളിലായാലും ആരോഗ്യ, ക്രമസമാധാന പാലന മേഖലകളിലായാലും ഉളളതു പോലെ ആഘോഷിച്ചും സാമൂഹിക അകലം പാലിച്ചും ഉത്സവ മനസുകൾ ഒന്നിക്കും. ഈസ്റ്റർ ദിനത്തിലും ആ കാഴ്ചയാണ് കണ്ടത്. ലോക്ക് ഡൗണിന്റെ ഭാഗമായി ആരംഭിച്ച അശരണർക്കുള്ള ക്യാമ്പുകൾ ഈസ്റ്റർ ദിനത്തിൽ പാട്ടുപാടിയും നൃത്തം ചെയ്തും സിനിമ പ്രദർശിപ്പിച്ചും കായിക മത്സരം നടത്തിയുമാണ് സജീവമായത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നിരവധി തെരുവ് കലാകാരന്മാർ ഇത്തരം ക്യാമ്പുകളിൽ എത്തിയിരുന്നു. അവരെല്ലാമായിരുന്നു പാട്ടുപാടി ആഘോഷിച്ചത്.

തെരുവ് ഗായകനായ വയനാട് സ്വദേശി മുഹമ്മദ് ഗസ്‌നി ശക്തൻ സ്റ്റാൻഡിൽ പാട്ടുപാടിക്കൊണ്ടിരിക്കുമ്പോഴാണ് ലോക്കഡൗണിന്റെ ഭാഗമായി പൊലീസ് ഇദ്ദേഹത്തെ ക്യാമ്പിലേക്ക് കൊണ്ടുപോകുന്നത്.

മുൻകാല നാടക പ്രവർത്തകൻ, നർത്തകർ എന്നിവരും ക്യാമ്പുകളിലുണ്ട്. അവരാണ് വിൽവട്ടം ക്യാമ്പ് ഈസ്റ്റർ ദിനത്തിൽ സജീവമാക്കിയത്. തോംസൺ ഗ്രൂപ്പ് ഈസ്റ്റർ ദിനത്തിൽ ക്യാമ്പുകളിലേക്കും കമ്മ്യൂണിറ്റി കിച്ചണിലേക്കും ഉച്ചയൂണിന് 2250 പേർക്കുള്ള ചിക്കൻ നൽകി.

അവധിയില്ലെങ്കിലും...

ഡോക്ടർമാരും നഴ്സുമാരും പൊലീസും ശുചീകരണ തൊഴിലാളികളും മറ്റ് ആശുപത്രി ജീവനക്കാരുമെല്ലാം ആഘോഷ ദിനങ്ങളിലും വിശ്രമമില്ലാതെ പൊരുതുകയാണ്, കൊവിഡിനെ തുരത്താൻ. അവധിയില്ലെങ്കിലും സമൂഹത്തിൻ്റെ നന്മയ്ക്കായുളള പ്രവർത്തനത്തിൽ അവർ സംതൃപ്തരാണ്. തൃശൂർ കോർപറേഷൻ ജനപ്രതിനിധികളും, ജീവനക്കാരും അടക്കം പൊതുഅവധി കണക്കിലെടുക്കാതെയാണ് പ്രവർത്തിക്കുന്നത്.

വിഷുക്കണി: ആൾക്കൂട്ടം ഒഴിവാക്കണം

'' കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ വിഷുവിന്റെ ഭാഗമായി പ്രധാന ക്ഷേത്രങ്ങളിൽ ഒരുക്കുന്ന വിഷുക്കണിക്ക് ആൾക്കൂട്ടം ഒഴിവാക്കണം. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രമുൾപ്പെടെയുളള പ്രധാനക്ഷേത്രങ്ങളിൽ വിഷുക്കണി ഒരുക്കുന്നതിന് തടസമില്ല. എന്നാൽ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിശ്വാസികൾ വിഷുക്കണി കാണാൻ ക്ഷേത്രങ്ങളിൽ തടിച്ച് കൂടുന്നത് ഒഴിവാക്കണം. ഇക്കാര്യത്തിൽ ക്ഷേത്രം ഭാരവാഹികൾ സഹകരിക്കണം. ''

- എസ്. ഷാനവാസ്, ജില്ലാ കളക്ടർ