എരുമപ്പെട്ടി: ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ പടക്ക വിപണി എട്ട് നിലയിൽ പൊട്ടി. പടക്ക നിർമ്മാണ ശാലകൾ അടച്ചുപൂട്ടിയതോടെ കരിമരുന്ന് മേഖലയിലെ തൊഴിലാളികളും പ്രതിസന്ധിയിലായത്. പടക്കമില്ലാത്ത വിഷുവിനെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ കഴിയില്ല. വർണ്ണ മഴ തീർത്തും കാതടപ്പിക്കുന്ന ശബ്ദം മുഴക്കിയും ഓരോ വീടുകളിലും കൊച്ചു വെടിക്കെട്ടുകളാണ് നടക്കാറുള്ളത്.
കോടികളുടെ കച്ചവടമാണ് വിഷുവിനോട് അനുബന്ധിച്ച് പടക്ക വിപണിയിൽ നടക്കാറുള്ളത്. എന്നാൽ കൊവിഡിന്റ പശ്ചാത്തലവും ലോക്ക് ഡൗണും പടക്ക വിൽപ്പനയെ പ്രതികൂലമായി ബാധിച്ചു. പടക്കവും മറ്റ് സാമഗ്രികളും കൂടുതലും തമിഴ് നാട്ടിലെ ശിവകാശിയിൽ നിന്നാണ് വരുന്നത്. അതേസമയം വിഷു വിപണി ലക്ഷ്യമിട്ട് കരിമരുന്ന് സാമഗ്രികൾ കൊണ്ടുവന്നു നിർമ്മാണം നടത്തി വിൽപ്പന നടത്തുന്നവരും നിരവധിയുണ്ട്. ഇതിൽ പ്രധാനികൾ എരുമപ്പെട്ടി കുണ്ടന്നൂരിലാണ്. വെടിക്കെട്ട് സാമഗ്രികൾ വൻതോതിൽ നിർമ്മാണ പുരകളിൽ കെട്ടികിടക്കുയാണ്.
ഉത്സവങ്ങൾക്ക് നിയന്ത്രണം വന്നതോടെ പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് ലോക്ക് ഡൗൺ ഇരുട്ടടിയായി തീർന്നിരിക്കുന്നു. വിപണികൂടി പൊട്ടിയതോടെ ആയിരക്കണക്കിന് തൊഴിലാളികൾ കഷ്ടപാടിലായിരിക്കുകയാണ്. എക്‌സ്‌പ്ലോസീവ് ലൈസൻസ് പുതുക്കുന്നതിനും വെടിക്കെട്ട് സാമഗ്രികൾ വാങ്ങുന്നതിനും വലിയ ചിലവ് വരുന്നുണ്ട്. നഷ്ടം സംഭവിച്ചു കടക്കെണിയിലായ കരിമരുന്ന് തൊഴിലാളികൾക്ക് സർക്കാർ സഹായങ്ങൾ പ്രഖ്യാപിക്കണമെന്ന് കരിമരുന്ന് കലാകാരൻമാരായ കുണ്ടന്നൂർ സുന്ദരാക്ഷൻ, പുഴയ്ക്കൽ ജനാർദ്ധനൻ എന്നിവർ ആവശ്യപ്പെട്ടു.