തൃശൂർ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നെല്ല് സംഭരണത്തിന് പുതിയ രീതിയുമായി സപ്ലൈകോ. ഓരോ പാടശേഖരത്തിലും രണ്ടോ മൂന്നോ മില്ലുകൾ ഒരുമിച്ച് നെല്ലുസംഭരണം നടത്തുന്ന രീതിക്കാണ് സപ്ലൈകോ തുടക്കമിടുന്നത്. ഇതുമൂലം ലോറി, തൊഴിലാളി ക്ഷാമം, ഇറക്കി വയ്ക്കാനും അടുക്കി വയ്ക്കാനുമുള്ള മില്ലിന്റെ പരിമിതികൾ എന്നിവയെല്ലാം മറികടന്ന് വേഗത്തിൽ പാടത്ത് നിന്ന് മില്ലുകളിലേയ്ക്ക് നെല്ല് കൊണ്ടു പോകാൻ കഴിയും.
ഒരു മില്ല് തയ്യാറല്ലെങ്കിൽ മറ്റേ മില്ല് സജ്ജമാക്കി നിറുത്തുന്നതിനാൽ പാടത്ത് നെല്ല് കെട്ടി കിടക്കാതെ എത്രയും വേഗം സംഭരണം സാദ്ധ്യമാകുന്നു. വിവിധ പാടശേഖരങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമവും പരിഹരിച്ചിട്ടുണ്ട്. കൊയ്ത്ത് യന്ത്രങ്ങൾക്ക് വാടക കൂടുതലാണ് എന്ന കർഷകരുടെ പരാതിയിന്മേൽ പരമാവധി വാടക 2,000 രൂപയാക്കി ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടതോടെ ആ പ്രശ്‌നവും പരിഹരിച്ചു. കൊയ്‌തെടുത്ത് നെല്ല് ചാക്കിലാക്കാൻ പല പാടശേഖരങ്ങളിലും സന്നദ്ധ സംഘടനകൾ രംഗത്തിറങ്ങിയതോടെ ലോക്ക് ഡൗൺ കാലത്തും നെല്ല് സംഭരണം സുഗമമായി.
സംഭരിച്ചത് 42,798 ടൺ
ജില്ലയിൽ 115 കോടി രൂപ മൂല്യം വരുന്ന 42,798 ടൺ നെല്ലാണ് സപ്ലൈകോ ഇതുവരെയായി സംഭരിച്ചിരിക്കുന്നത്. 38,000 പേർ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ജില്ലയിൽ 42,212 കർഷകർ നെല്ല് സംഭരണത്തിനായി രജിസ്‌ട്രേഷൻ നടത്തിക്കഴിഞ്ഞു. ജൂൺ 30 വരെ സംഭരണം നീണ്ടുപോകും. ജില്ലയിൽ 41 മില്ലുകളാണ് സംഭരണ രംഗത്തുള്ളത്. www.supplycopaddy.in എന്ന സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ.