എരുമപ്പെട്ടി: മറുനാടൻ മലയാളികൾക്ക് കണികാണാൻ കേരളത്തിലെ വെള്ളരിക്കയില്ല. വിഷുക്കണിക്കായി വിളയിച്ച വെള്ളരികൾക്ക് ലോക്ക് ഡൗണിൽ പെട്ട് നാട്ടിലെ അടുക്കളകളിൽ തന്നെ ഒതുങ്ങേണ്ടി വന്നു. വിദേശ രാജ്യങ്ങളിൽ ഒറ്റപ്പെട്ട മലയാളികൾക്ക് ഈ വർഷത്തെ വിഷുവും വിഷുക്കണിയും , നാമമാത്രമായി മാറുമ്പോൾ അവർക്കായി ഒരുക്കിയ വെള്ളരി കടൽ കടക്കാൻ കഴിയാതെ തോട്ടങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
കൊവിഡിന്റെ സാഹചര്യത്തിൽ വെള്ളരിക്ക് കയറ്റുമതി സാഹചര്യം ഇല്ലാതായി. ഇത് മുന്നിൽകണ്ട് ഭൂരിഭാഗം കർഷകരും ലാേക്ക് ഡൗണിൽപ്പെട്ടവർക്കായി നേരത്തെ വിളവെടുത്തു. കൂടാതെ സമൂഹ അടുക്കളകളിലേക്ക് നൽകിയും നാട്ടിൻപുറത്തെ കടകളിൽ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തിയുമാണ് വെള്ളരി തോട്ടങ്ങളിൽ നിന്ന് ഒഴിവായത്. കഴിഞ്ഞ 35 വർഷം വിദേശ മലയാളികളുടെ വിഷുക്കണിയിൽ സ്ഥാനം പിടിച്ചിരുന്ന പഴുന്നാന എട്ടു കണ്ടത്തിൽ അഹമ്മദിന്റെ തോട്ടത്തിലെ വെള്ളരികളും ഈ വർഷം സമൂഹ അടുക്കളകൾക്കും നാട്ടിലെ വിഷുകണിക്കും മാത്രമായി മാറി.
വിഷു വിപണി മുന്നിൽ കണ്ട് അഹമ്മദ് കഴിഞ്ഞ ഡിസംബർ അവസാനത്തോടെയാണ് ചെമ്മന്തിട്ട പാടശേഖരത്തിൽ കൃഷിയിറക്കിയത്. കയറ്റി അയക്കാനുള്ളതായതിനാൽ വെള്ളരിക്ക് നല്ല പരിചരണം നൽകണം. അതിന് സാധാരണ കൃഷിയേക്കാൾ ചെലവേറെയാണ്. കയറ്റുമതി സാദ്ധ്യത ഇല്ലാതായതോടെ വിദേശ വിപണികണ്ട് വൻതോതിൽ കൃഷിചെയ്ത കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.