തൃപ്രയാർ: കോൺഗ്രസിന്റെ നേതൃത്വത്തിൽ തൃപ്രയാറിൽ നടത്തുന്ന ജനകീയ ഭക്ഷണശാലയുടെ പ്രവർത്തനം നിറുത്തിവയ്ക്കാൻ നിർദ്ദേശം. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നാട്ടിക പഞ്ചായത്ത് സെക്രട്ടറിയാണ് നിർദ്ദേശം നൽകിയത്. അതേസമയം ജനകീയ ഭക്ഷണ ശാലയിലെ സൗജന്യ ഭക്ഷണ വിതരണം എന്ത് പ്രതിബന്ധങ്ങളുണ്ടായാലും നിറുത്തിവയ്ക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പരി പൂർണമായി പാലിച്ചാണ് ഭക്ഷണശാല പ്രവർത്തിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും ഭക്ഷണ ശാലയിൽ പ്രവർത്തിക്കുന്നവർക്ക് നൽകിയിട്ടുണ്ടെന്നും പറയുന്നു. ജില്ലാ കളക്ടറുടെയും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെയും നിരന്തരമായ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്നും പറയുന്നു. കമ്മ്യൂണിറ്റി കിച്ചണ് സമാന്തരമായാണ് ഭക്ഷണശാല പ്രവർത്തിക്കുന്നതെന്നും ആരോപണവും ഉയർത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ പേരിൽ ഭക്ഷണശാലയ്ക്കു മുന്നിൽ ബാനർ കെട്ടിയത് ചില രാഷ്ട്രീയകക്ഷികൾക്ക് സഹിക്കാൻ കഴിയുന്നില്ലെന്ന് ചുമതല വഹിക്കുന്ന അനിൽ പുളിക്കൽ പറഞ്ഞു. ഭക്ഷണശാലയെ കൂടുതൽ ആളുകൾ ആശ്രയിക്കുന്നതും ഇവർക്ക് അലോസരമുണ്ടാക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.