gvr-news-photo

ഗുരുവായൂർ: കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ച ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയെ പ്രവൃത്തികളിൽ നിന്ന് ദേവസ്വം മാറ്റി നിറുത്തി. ക്ഷേത്ര പരിചാരക സമിതി നേതാവ് കൂടിയായ കീഴ്ശാന്തി നമ്പൂതിരിയാണ് നിയന്ത്രണം ലംഘിച്ച് ക്ഷേത്രത്തിനകത്ത് വിളക്ക് കത്തിച്ചുവച്ച് പ്രാർത്ഥന നടത്തിയത്. കൊവിഡിൽ നിന്ന് രക്ഷനേടാനെന്ന പേരിലാണത്രെ നാലമ്പലത്തിനകത്ത് വിളക്ക് തെളിച്ച് കീഴ്ശാന്തി നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിയത്. വിവരം പുറത്തറിഞ്ഞതോടെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ കീഴ്ശാന്തി നമ്പൂതിരിയെ പ്രവൃത്തിയിൽ നിന്ന് മാറ്റാൻ ദേവസ്വം ചെയർമാൻ നിർദ്ദേശം നൽകി.
കൊവിഡ് പ്രതിരോധ നടപടികളെ തുടർന്ന് ക്ഷേത്രത്തിലേയ്ക്ക് ഭക്തർക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന അവശ്യം വേണ്ട ജീവനക്കാരും കീഴ്ശാന്തി നമ്പൂതിരിമാരും, അടിയന്തര പ്രവൃത്തി ചെയ്യുന്നവരും മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശിക്കാറ്. എന്നാൽ കീഴ്ശാന്തി ദിവസവും ക്ഷേത്രത്തിനകത്ത് പ്രവേശിക്കുകയും കൊവിഡ് നിയന്ത്രണം ലംഘിക്കുന്നതും ദേവസ്വം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു തുടർന്നാണ് ഇന്നലെ ഇയാളെ ക്ഷേത്രത്തിനകത്തെ പ്രവൃത്തികളിൽ നിന്ന് മാറ്റി നിറുത്താൻ ചെയർമാൻ കെ.ബി മോഹൻദാസ് നിർദ്ദേശം നൽകിയത്.