പുതുക്കാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ കൃഷ്ണശില്പങ്ങൾ വാങ്ങാനും ആളില്ലാതായതോടെ ശില്പ നിർമ്മാണത്തിൽ ഉപജീവനം നടത്തി വരുന്ന രാജസ്ഥാൻ സ്വദേശി ബാബു ലാലും സഹോദരങ്ങളും പട്ടിണിയിലായി. ദേശീയ പാതയോരത്ത് നെല്ലായിയിൽ വീട് വാടകയ്‌ക്കെടുത്ത് പ്ലാസ്റ്റർ ഒഫ് പാരീസിൽ ശില്പങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തി തുടങ്ങിയിട്ട് പത്ത് വർഷത്തോളമായി. വിഷു കാലമാകുന്നതോടെ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവർ വാഹനങ്ങൾ നിറുത്തി ശിൽപ്പം വാങ്ങും. വിഷു കണി ഒരുക്കാനും, പൂജ മുറിയിൽ സ്ഥാപിക്കാനുമാണ് പ്രധാനമായി കൃഷ്ണശിൽപ്പങ്ങൾ വാങ്ങുന്നത്. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ കടകളിൽ വിൽപ്പനയ്ക്കും ഇവരുടെ ശില്പങ്ങൾ കൊണ്ടു പോകാറുണ്ട്.
മറ്റ് ദേവീദേവന്മാരുടെയും, ആനയുടെയും ശിൽപങ്ങൾ എന്നിവയും ഇവരുടെ കരവിരുതിൽ പിറവി കൊള്ളുമെങ്കിലും, ഓടക്കുഴലുമായി നിൽക്കുന്ന കൃഷ്ണശില്പങ്ങൾക്കാണ് വലിയ ഡിമാൻഡ്. ഇത്തവണത്തെ വിഷു വിപണി ലക്ഷ്യമാക്കി നാലായിരത്തോളം കൃഷ്ണശില്പങ്ങൾ ഇവർ പ്ലാസ്റ്റർ ഒഫ് പാരീസിൽ വാർത്തെടുത്തിരുന്നു. വാർത്തെടുത്ത ശിൽപങ്ങളിൽ മനോഹരമായ രീതിയിൽ ഇവർ വിവിധ നിറങ്ങളിൽ ഛായം പുരട്ടുന്നതോടെ ശില്പങ്ങൾക്ക് ജിവൻ വയ്ക്കുന്ന പ്രതീതിയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇത്തവണ വിരലിൽ എണ്ണാവുന്ന ശില്പങ്ങൾക്ക് മാത്രമാണ് പെയിന്റിംഗ് നടത്തിയത്. ഇതിൽ വില്പന നടന്നത് വിരലിലെണ്ണാവുന്നത് മാത്രം. ജീവിത ചെലവ്, വീട് വാടക, അസംസ്‌കൃത വസ്തുക്കളുടെ വില, എല്ലാം കഴിഞ്ഞ് രാജസ്ഥാനിലുള്ള ഇവരുടെ കുടുംബങ്ങളുടെ ജീവിതവും കേരളത്തിലെ ഇവരുടെ വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്..