വാടാനപ്പിള്ളി: ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ കൊച്ചിയിൽ നിന്ന് പതിവായി തിരൂരിലേക്ക് ടാങ്കറിൽ യാത്ര തിരിക്കും ആ ഇരുപത്തിരണ്ടുകാരി. യാത്രക്കാരിയായല്ല ലോക്ക് ഡൗൺ സമയത്ത് ഇന്ധനം കൊണ്ടുപോകുന്ന ടാങ്കർ ലോറി ഡ്രൈവറായിട്ടാണ് ഈ യാത്ര. കണ്ടശ്ശാംകടവ് കാരമുക്ക് പള്ളിക്കുന്നത്ത് ഡേവിസിന്റെ മൂന്ന് പെൺമക്കളിൽ രണ്ടാമത്തവളാണ് ഡെലീഷ്യയെന്ന ഇരുപത്തിരണ്ടുകാരി. നാലുപതിറ്റാണ്ടായി ടാങ്കർ ലോറി ഡ്രൈവറായ പിതാവാണ് ഡ്രൈവിംഗിൽ ഗുരു. ടാങ്കർ വാഹനം ഓടിക്കുന്നതിനുള്ള ഫയർ ആൻഡ് സേഫ്റ്റി ലൈസൻസും ഡെലീഷ്യ സ്വന്തമാക്കി. രാവിലെ വാടാനപ്പിള്ളിയിൽ നിന്ന് കൊച്ചിയിലേക്കും ഇന്ധനം നിറച്ച് തിരിച്ച് ഉച്ചയ്ക്ക് ഒന്നിന് തിരൂരിലേക്കും എത്തും. തിരൂരിലെ പെട്രോൾ ബങ്കിൽ ഇന്ധനം നിറച്ച് ഒരു മണിക്കൂറിനകം വീണ്ടും കൊച്ചിയിലേക്ക്. എം കോം പഠനത്തിനിടെയാണ് ഡെലീഷ്യയുടെ ഡ്രൈവർ വേഷത്തിലേക്കുള്ള മാറ്റം.
തൃശൂരിൽ പി.ജി സെന്ററിൽ എം. കോം അവസാന വർഷ വിദ്യാർത്ഥിയാണ്. വീട്ടിലെ കാറോടിച്ചായിരുന്നു തുടക്കം. പിന്നീട് എല്ലാ വാഹനങ്ങളും അനായാസം ഓടിച്ചു. മകളുടെ ഡ്രൈവിംഗ് താല്പര്യം മനസിലാക്കിയ പിതാവ് ഡേവിസ് ഒഴിവുള്ള സമയങ്ങളിലെല്ലാം ടാങ്കർ ലോറിയിൽ ദൂരയാത്രകൾക്ക് കൂടെ കൂട്ടി. പതിനെട്ടാമത്തെ വയസിൽ ലൈസൻസ് നേടി. 20ാം വയസിൽ ഹെവിയും ഫയർ ആൻഡ് സേഫ്റ്റി ഡ്രൈവിംഗ് ലൈസൻസും നേടി. അപകടം കൂടാതെ എതു വാഹനവും ഓടിക്കാൻ സമയത്തിന് മുമ്പ് ഇറങ്ങിയാൽ മതിയെന്ന സന്ദേശമാണ് ഇവരുടേത്. മാതാവ് ഡെയ്‌സി വീട്ടമ്മയാണ്. സഹോദരിമാരായ ശ്രുതി നഴ്‌സും സൗമ്യ വിദ്യാർത്ഥിനിയുമാണ്.
......................
ടാങ്കറെടുക്കാൻ സ്ത്രീകൾക്ക് എളുപ്പം കഴിയില്ല. ലോഡ് ലൂസായിട്ട് കിടക്കുന്നതാണ് കാരണം. എന്നാൽ മകൾ വണ്ടി അനായാസം എടുക്കുന്നത് അത്ഭുതമാണ്. ക്‌ളാസില്ലാത്ത സമയത്തും കോളേജ് മുടക്കമുള്ളപ്പോഴും മകൾ സ്ഥിരമായി കൂടെ വരാറുണ്ട്. ദൂരയാത്രകൾക്കും കൂടെ കൂട്ടിയിരുന്നു. ലോക്ക് ഡൗൺ സമയമായതുകൊണ്ടു മാത്രമാണ് ഇപ്പോൾ മകൾ ലോറി ഓടിക്കുന്നത്. മകളെ പഠിപ്പിച്ച് സർക്കാർ സർവ്വീസിൽ ജോലി നേടിക്കൊടുക്കുക എന്നതാണ് ലക്ഷ്യം
ഡേവിസ്
പിതാവ്