പാവറട്ടി: മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പരിധിയിലെ വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി പഞ്ചായത്തുകളിലെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടൽ നല്ല മാതൃകാപരം. പുറത്തു നിന്ന് വരുന്നവരെ കണ്ടെത്തി വീടുകളിൽ നിരീക്ഷണത്തിലാക്കുകയും നിരീക്ഷണ കാലാവധി കഴിയുന്നതുവരെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ലോക്ക് ഡൗൺ ലംഘിച്ചതിന് 250 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളിൽ കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. നാലു പഞ്ചായത്തുകളിലെയും കമ്യൂണിറ്റി കിച്ചനുകളിലും ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തുന്നുണ്ട്. ഒമാനിൽ മരിച്ച പെരുവല്ലൂർ സ്വദേശിയുടെ മരണാനന്തര കർമ്മങ്ങൾ കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു സംസ്കരിച്ചത്.
പാവറട്ടിയിൽ മാത്രമാണ് ഒരു കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. അസുഖം ഭേദമായി ഇയാൾ തിരികെ വീട്ടിലെത്തിയിട്ടുണ്ട്. 14 മെഡിക്കൽ ഓഫീസർമാർ, 3 ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 3 പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, 14 ജെ.എച്ച്.ഐ., 20 ജെ.പി.എച്ച്.എൻ.എസ്., 100 അംഗൻവാടി വർക്കേഴ്‌സ്, 71 ആശാ വർക്കേഴ്‌സ് എന്നിവരാണ് ഈ മേഖലയിലെ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളത്.
മാതൃകാ പ്രവർത്തനങ്ങൾക്ക് സി.എച്ച്.സി സൂപ്രണ്ട് ഡോ. കെ.ടി .സുജയും ഹെൽത്ത് സൂപ്പർവൈസർ കെ.ജി. ഗോപിനാഥും നേതൃത്വം നൽകുന്നു. ലോക്ക് ഡൗൺ ലംഘിക്കാത്തിരിക്കാൻ പാവറട്ടി പൊലീസ് എസ്.എച്ച്.ഒ: എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്.