പഴയന്നൂർ: ജീവനി സഞ്ജീവനി കർഷകർക്കൊരു കൈത്താങ്ങ് പദ്ധതിക്ക് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ യു.ആർ. പ്രദീപ്എം.എൽ.എ തുടക്കം കുറിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളിൽ ഏഴ് കാർഷിക ചില്ലറ വ്യാപാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും. വിഷുവിന് ശേഷം കാർഷിക ഉത്പാദനത്തിൽ ഉണ്ടാകുന്ന വിളവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉത്പന്നങ്ങൾക്ക് വിലക്കുറവുണ്ടാകാതെ നോക്കി കർഷകരെ സഹായിക്കുന്നതിനാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
വിവിധ പഞ്ചായത്തുകളിൽ അധിക ഉത്പാദനം ഉണ്ടാകുന്ന ഘട്ടത്തിൽ എഫ്.ആർ.ഒ (കാർഷിക ചില്ലറ വ്യാപാരകേന്ദ്രം) വഴി സംഭരണം നടത്തി ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും സർക്കാർ സംവിധാനം വഴി വിപണനം നടത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. പച്ചക്കറികളും പഴവർഗങ്ങളുമാണ് ഇത്തരത്തിൽ മാർക്കറ്റിൽ എത്തിക്കുക. ബ്ലോക്ക് പരിധിയിലെ വിവിധ കൃഷിഭവനുകൾ മുഖാന്തിരവും പ്രാദേശിക ഉത്പന്നങ്ങൾ വിതരണം നടത്തും.
തിരുവില്വാമല മലേശമംഗലം എ ഗ്രേഡ് ക്ലസ്റ്റർ മാർക്കറ്റ്, പഴയന്നൂർ ഇക്കോഷോപ്പ്, സ്വാശ്രയ കർഷക സമിതി പൊട്ടൻകോട്, ചേലക്കര കളപ്പാറ, എന്നിവിടങ്ങളിലും, പാഞ്ഞാൾ കൃഷിഭവനിൽ വ്യാഴം, വെള്ളി ദിവസങ്ങളിലും, വള്ളത്തോൾ നഗർ, കൊണ്ടാഴി കൃഷിഭവനുകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും 10 മുതൽ 1 മണിവരെയും ചില്ലറ വ്യാപാരകേന്ദ്രങ്ങൾ അധിക ഉത്പാദന ഘട്ടങ്ങളിൽ ആരംഭിക്കും.
കർഷകർക്ക് ആവശ്യമായ നെൽവിത്ത്, പച്ചക്കറി വിത്ത് എന്നിവ സമയബന്ധിതമായി ലഭ്യമാക്കും. പച്ചക്കറി വിത്ത് വി.എഫ്.പി.സി.കെയും, കൃഷി വിജ്ഞാന കേന്ദ്രവും മുഖേനയാണ് ലഭ്യമാക്കുന്നത്. നെൽവിത്ത് കേരള സീഡ് അതോറിറ്റിയും, നാഷണൽ സീഡ് കോർപറേഷൻ മുഖേനയും ലഭ്യമാക്കും. ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വി. തങ്കമ്മ , വൈസ് പ്രസിഡന്റ് എം.പത്മകുമാർ. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷീബ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.