കൊടുങ്ങല്ലൂർ: കൊവിഡ് കാലത്ത് വായനാ വസന്തമൊരുക്കാൻ പതിനായിരം മലയാളം പുസ്തകങ്ങളുടെ ഡിജിറ്റൽ കാറ്റലോഗ് ഓൺലൈനിൽ സജ്ജമാക്കി എറിയാട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഗ്രന്ഥശാല. ലൈബ്രറിയിലെ 11,000 പുസ്തകങ്ങളുടെ കാറ്റലോഗ് http://books.sayahna.org/ml/pdf/malc-catalog.pdf ൽനിന്നും ആർക്കും ഡൗൺലോഡ് ചെയ്യാം. അഡോബ് അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്ത് കാറ്റലോഗ് മൊബൈലിലേക്ക് പകർത്തിയാൽ എളുപ്പം പുസ്തകം തെരഞ്ഞ് കണ്ടുപിടിക്കാം. അകലെയുള്ളവർക്ക് സ്വന്തം ഗ്രാമത്തിലെ വായനശാലകളിൽ പുസ്തകമുണ്ടോ എന്നറിയാൻ ഈ കാറ്റലോഗ് പ്രയോജനപ്പെടുത്താം. കേരളത്തിലെ 8000ൽ അധികം വരുന്ന ഗ്രാമീണ വായനശാലകളിൽ ആദ്യത്തെ ഡിജിറ്റൽ കാറ്റലോഗാണിത്. ഇന്ത്യൻ ഭാഷകളിൽ അപൂർവമാണ് ഈ രീതിയെന്ന് സാങ്കേതിക സഹായം നിർവഹിച്ച കെ.എച്ച് ഹുസൈൻ അവകാശപ്പെടുന്നു. ഒരു വർഷം മുമ്പാണ് ശ്രമകരമായ ഈ ദൗത്യത്തിന് നിര്യാതനായ ലൈബ്രറി പ്രസിഡന്റ് കറുകപ്പാടത്ത് കെ.കെ. മുഹമ്മദിന്റെ നേതൃത്വത്തിൽ തുടക്കമിട്ടത്. കൈലാഷ്‌നാഥ് (ഓളം ഡിക്ഷണറി, https://nadh.in/), നാട്ടുകാരായ റഷീദ് പി.എം., നസീർ പുത്തൻച്ചാൽ, സിയാവുദ്ധീൻ കെ.എം എന്നീ സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കെ.എച്ച് ഹുസൈന് പുറമെ, കെ.പി. സത്യൻ, നജീബ് കെ.എ, ലിൻസി വിൽസൺ വി, ധന്യ സി.എസ് എന്നിവരും സാങ്കേതിക നിർവഹണമൊരുക്കി. മലയാള ഗ്രന്ഥസൂചിക്കായി കെ.എം. ഗോപി ചിട്ടപ്പെടുത്തിയ വർഗ്ഗീകരണമാണ് അവലംബമാക്കിയത്. മൊബൈൽ ലൈബ്രറി കാറ്റലോഗ് സാദ്ധ്യമാക്കാനായി സി.വി. രാധാകൃഷ്ണൻ (സായാഹ്ന ഫൗണ്ടേഷൻ http://www.sayahna.org/) പി.ഡി.എഫ്. സാങ്കേതികത വികസിപ്പിച്ചെടുത്തു. നജീബ് തയ്യാറാക്കിയ 'കോഹ' ഓൺലൈൻ കാറ്റലോഗ് അപ്ലോഡ് ചെയ്യുന്നത് കൈലാഷ്‌നാഥാണ്. കാറ്റലോഗ് ഉപയോഗിച്ച് മൊബൈലിലൂടെ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ പഞ്ചായത്തിൽ വിതരണം ചെയ്യാൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി. രാജന്റെ നേതൃത്വത്തിൽ വളണ്ടിയർമാരുമുണ്ട്. (9946413588/ 9946148385/ 9744815856) പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യാനും തെരച്ചിൽ പരിശീലിക്കാനും സന്നദ്ധസേവനവും ലഭ്യമാണ്.