മാള: കൊവിഡ് 19, ലോക്ക് ഡൗൺ... ഇതൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി വെറുതെ അങ്ങ് വീട്ടിൽ അടച്ചുപൂട്ടിയിരിക്കാൻ ആളൂരിലെ കുട്ടികളെ കിട്ടില്ല. ലോക്ക് ഡൗൺ വന്നതിനു ശേഷം കളിയും, ചിരിയും ചിന്തകളും കലാപ്രകടനങ്ങളുമായി അവർ മിന്നാമിന്നിക്കൂട്ടത്തോടൊപ്പമാണ്. ഈ മിന്നാമിന്നിക്കൂട്ടമെന്നത് സാധാരണ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആണെന്ന് കരുതേണ്ട. ഈ ഗ്രൂപ്പിന്റെ നിബന്ധനകളും പരിപാടികളുമാണ് മിന്നാമിന്നിക്കൂട്ടമെന്ന പേര് അന്വർത്ഥമാക്കുന്നത്.
15 വയസ് വരെ പ്രായമുള്ളവരെയാണ് ഈ ഗ്രൂപ്പിൽ ചേർക്കുന്നത്. അവരുടെ രക്ഷിതാക്കളുടെ ഫോണിലാണ് ഈ ഗ്രൂപ്പിൽ ചേരേണ്ടത്. അഡ്മിൻ പാനൽ നിശ്ചയിച്ചിട്ടുള്ള സമയങ്ങളിൽ മാത്രമാണ് ഗ്രൂപ്പ് തുറന്നുകൊടുക്കുക. അത്തരത്തിൽ ഗ്രൂപ്പ് തുറന്ന് കൊടുക്കുന്നതിനും ഓരോ ഉദ്ദേശങ്ങളുണ്ട്. രാവിലെ 10 മുതൽ 11.30 വരെ തുറക്കും. ഈ സമയത്ത് ഓരോ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രശസ്തർ ഗ്രൂപ്പിൽ തത്സമയം എത്തും. അവരുമായി കുട്ടികൾക്ക് തത്സമയം സംവദിക്കാം.
ഡാവിഞ്ചി സുരേഷ്, ജയരാജ് വാര്യർ, സുനിൽ സുഖദ, മീഡിയ രംഗത്തെ പ്രമുഖർ തുടങ്ങിയ നിരവധി മേഖലകളിൽ നിന്നുള്ളവരാണ് ഈ കൂട്ടായ്മയിൽ തത്സമയം പങ്കെടുത്തിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ട് മുതൽ പ്രശ്നോത്തരിയാണ്. ഇത് 15 മിനിറ്റ് മാത്രമാണുള്ളത്. അത് കഴിയുമ്പോൾ അന്നത്തെ രാവിലെ നടന്ന സംവാദത്തെ ആസ്പദമാക്കി ഒരു ടാസ്ക് നൽകും. രാവിലെ ഏത് രംഗത്തുള്ളവരാണോ പങ്കെടുക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ടാസ്ക്.
പിന്നീട് ഗ്രൂപ്പ് തുറക്കുന്ന വൈകീട്ട് ഏഴ് മുതൽ എട്ടര വരെയുള്ള സമയത്ത് ഇത് പോസ്റ്റ് ചെയ്യാം. ഇതുകൂടി കഴിഞ്ഞാൽ ഗ്രൂപ്പ് അടയ്ക്കും. ആഴ്ചയിൽ രണ്ട് ദിവസം അര മണിക്കൂർ വീതം കുട്ടികളുടെ രക്ഷിതാക്കൾക്ക് അഡ്മിനുമായി ആശയങ്ങൾ പങ്കുവയ്ക്കുവാനും നിർദേശങ്ങൾ സമർപ്പിക്കാനും അവസരമുണ്ട്. കുട്ടികൾക്കായി ചിത്രരചന, പ്രസംഗം,കവിതാ പാരായണം, കഥാരചന, ടിക് ടോക്, ഫോട്ടോഗ്രാഫി, മിമിക്രി, മോണോആക്ട് തുടങ്ങിയ മത്സരങ്ങളും അതിഥികൾക്ക് അനുസരിച്ച് സംഘടിപ്പിക്കുണ്ട്.
മിന്നാമിന്നിക്കൂട്ടത്തിന്റെ ഒരു ഫേസ് ബുക്ക് പേജ് കൂടി ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ലോ കോളേജിൽ എൽ.എൽ.എം വിദ്യാർത്ഥി കൂടിയായ അഡ്വ. ആഷ്‌ബിൻ കൃഷ്ണ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനായ സ്റ്റീവൻസ് ജോസ് എന്നിവരാണ് ഇത്തരമൊരു ആശയം രൂപപ്പെടുത്തിയത്. ഇവരെ സഹായിക്കാനായി കോളേജ് വിദ്യാർത്ഥികളായ വൈഷ്ണവ്, വൈശാഖ് എന്നിവരും ഉണ്ട്. ഈ നാല് പേരും ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ എന്നിവരാണ് മിന്നാമിന്നിക്കൂട്ടത്തിന്റെ അഡ്മിന്മാർ.
കമന്റ്:
'ഈ ലോക്ക് ഡൗൺ സമയത്ത് കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതാക്കും. അവർ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന അവധിക്കാലമാണ് നഷ്ടമായതെന്ന തിരിച്ചറിവിലൂടെയാണ് വേറിട്ട ആശയം രൂപപ്പെടുത്തിയത്. കൂടാതെ നല്ല സഹൃദങ്ങൾ ഉണ്ടാക്കാനും ആരോഗ്യകരമായ കളിയും ചിരിയും ചിന്തകളും കലാപ്രകടനങ്ങളും വീടുകളിലിരുന്ന് പങ്കുവയ്ക്കാനും ആസ്വദിക്കാനും രക്ഷിതാക്കളുമായി കൂടുതൽ നല്ല ബന്ധങ്ങൾ വളർത്താനും ഉപകരിക്കും. ഇപ്പോൾ ഇരുന്നൂറിലധികം കുട്ടികൾ ഈ ഗ്രൂപ്പിലുണ്ട്.
- അഡ്വ.ആഷ്‌ബിൻ കൃഷ്ണ, സ്റ്റീവൻസ് ജോസ്.