എരുമപ്പെട്ടി: ലോക്ക് ഡൗണിൽ തോട് വൃത്തിയാക്കി മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുകയാണ് കർഷക അവാർഡ് ജേതാക്കളായ യുവാക്കൾ. ബി.ജെ.പി പാലക്കാട് മേഖലാ പ്രസിഡൻറും മികച്ച കർഷകനായി തിരഞ്ഞെടുത്ത അനീഷ് എയ്യാലും, കർഷക സെക്രട്ടറിയും മികച്ച യുവകർഷകനുമായ പ്രിയൻ എയ്യാലുമാണ് നാട്ടുകാർക്കിടയിൽ വ്യത്യസ്തരായത്. എയ്യാൽ മുള്ളിങ്ങൽ ചിറ മുതൽ കൂമ്പുഴ പുഴ വരെയുള്ള കൈത്തോടാണ് യുവാക്കൾ വൃത്തിയാക്കുന്നത്.
മുപ്പത് വർഷത്തിലധികമായി കാട്പിടിച്ച് കിടന്നിരുന്ന കൈത്തോട് മഴക്കാലത്തിന് മുൻപേ വൃത്തിയാക്കി നീരൊഴുക്കിൻ്റെ തടസം മാറ്റുകയെന്നതാണ് ഇവരുടെ ലക്ഷ്യം. കനാലിലൂടെ വെള്ളം എത്താത്തതിനാൽ കർഷകർ ഏറെ ദുരിതത്തിലാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് ഈ പ്രദേശം ഉൾപ്പെടുന്ന പാടശേഖരങ്ങളിലാണെന്നും ഇതിനെതിരെ നിരവധി തവണ അധികൃതർക്ക് പരാതി കൊടുത്തിട്ടും തൊഴിലുറപ്പ് പദ്ധതി പ്രകാരം വൃത്തിയാക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും അനീഷ് പറയുന്നു. പാഴ്ചെടികളും മാലിന്യങ്ങളും നീക്കം ചെയ്ത് 700 മീറ്ററിലധികം ദൂരം ഇപ്പോൾ പിന്നിട്ടു കഴിഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിയതി മുതലാണ് ഇരുവരും വൃത്തിയാക്കൽ ആരംഭിച്ചത്. വെയിലിന്റെ കാഠിന്യം കുറഞ്ഞ് വൈകീട്ട് 4 മുതൽ 7 വരെയാണ് പണിക്കിറങ്ങുന്നത്. സർക്കാർ നിർദ്ദേശിച്ചതു പ്രകാരം, സാമൂഹിക അകലം പാലിക്കേണ്ടതിനാൽ തോട് വൃത്തിയാക്കുന്നതിന് മറ്റാറെയും കൂട്ടുന്നില്ല. ഇതിനോടൊപ്പം തന്നെ രണ്ടു പേരും കൂടി കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികളും നാട്ടുകാർക്കായി വിതരണം ചെയ്യുന്നുണ്ട്.