മാള: ഓരോ പ്രകൃതി ദുരന്തങ്ങളും വിജയകരമായി അതിജീവിച്ച് കരകയറുമ്പോൾ വിദ്യാഭ്യാസ മേഖല താഴെപ്പോകാതെ താങ്ങി നിറുത്തുന്നതിന് പുതിയ വഴി തുറന്നിരിക്കുകയാണ് അസാപ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഈ സാഹചര്യം മറികടക്കുന്നതിന് വിവിധ പരിഹാരമാർഗങ്ങൾ പരിശോധിച്ച് സാദ്ധ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ സർവകലാശാലകൾക്ക് കീഴിലുള്ള പല കോളേജുകളും കെ.ടി.യുവിന് കീഴിലുള്ള എൻജിനിയറിംഗ് കോളേജുകളും ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് അദ്ധ്യയന പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്.

കൂടുതൽ വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ അദ്ധ്യയന സംവിധാനം ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ സർവ്വകലാശാലകളിലെയും പോളിടെക്‌നിക്ക് കോളേജുകളിലെയും ബിരുദബിരുദാനന്തര / ഡിപ്ലോമ കോഴ്‌സുകളിലെ അവശേഷിക്കുന്ന പാഠഭാഗങ്ങൾ തീർക്കുന്നതിനുള്ള ഓൺലൈൻ പഠനക്ലാസ്സുകൾ ആരംഭിക്കുന്നതിനും ഉന്നതവിദ്യാഭ്യാസ വകുപ്പ് മുൻകൈ എടുക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യവികസന പദ്ധതിയായ അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാ (അസാപ് )മിനെയാണ് ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഓരോ സർവ്വകലാശാലകളിലെയും അതത് വിഷയങ്ങളിൽ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ സഹായത്തോടെ അവശേഷിക്കുന്ന പാഠഭാഗങ്ങൾ പൂർത്തീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഏപ്രിൽ 15 മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ രാവിലെ 8.30 മുതൽ വൈകിട്ട് 9.30 വരെയുള്ള സമയത്ത് ഒരു മണിക്കൂർ ദൈർഘ്യമുള്ള സെഷനുകളാക്കിക്കൊണ്ടാണ് ഓരോ വിഷയത്തിലും അദ്ധ്യയനം പൂർത്തിയാക്കുന്നത്. ഏതെങ്കിലും കാരണവശാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി റെക്കോർഡഡ് വീഡിയോ അസാപിന്റെ യൂട്യൂബ് ചാനൽ ആയ ASAP Kerala official channelൽ അപ്‌ലോഡ് ചെയ്യുന്നതാണ്.

കമന്റ്

'ലോക്ക് ഡൗൺ കാലയളവിൽ വീട്ടിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരമാണ് ഈ സൗജന്യ സേവനം.ആദ്യ ദിവസം സംസ്ഥാനത്ത് ആയിരം വിദ്യാർത്ഥികളാണ് ക്ലാസിൽ പങ്കെടുത്തത്'

- അസാപ് തൃശൂർ ജില്ലാ പ്രോഗ്രാം മാനേജർ എം.എ. സുമി