തൃശൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്നംകുളം മേഖലയിലെ നാല് സഹകരണ ബാങ്കുകളിൽ നിന്നായി 55,32,931 രൂപ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ ഏറ്റുവാങ്ങി.
ബാങ്കിന്റെ വിഹിതം, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, പ്രസിഡന്റിന്റെ ഹോണറേറിയം, ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് എന്നിവ അടക്കമുള്ള തുകയാണ് മന്ത്രി ഏറ്റുവാങ്ങിയത്. കൂനംമൂച്ചി, കടവല്ലൂർ, കുന്നംകുളം അർബൻ ബാങ്ക്, ആർത്താറ്റ് എന്നിവിടങ്ങളിൽ നിന്നാണ് മന്ത്രി തുക സ്വീകരിച്ചത്.
കൂനംമൂച്ചി പീപ്പിൾസ് സർവീസ് സഹകരണ ബാങ്കിന്റെ 19,20,500 രൂപ ബാങ്ക് പ്രസിഡന്റ് എം.ബി. പ്രവീണിൽ നിന്നും കടവല്ലൂർ സഹകരണ ബാങ്കിന്റെ 19,17,395 രൂപ പ്രസിഡന്റ് മുഹമ്മദ് ഹനീഫയിൽ നിന്നും മന്ത്രി ഏറ്റുവാങ്ങി. കുന്നംകുളം അർബൻ കോ- ഓപറേറ്റീവ് ബാങ്കിന്റെ 14,56,301 രൂപ പിയൂസ് വാഴപ്പിള്ളിയും ആർത്താറ്റ് സർവീസ് സഹകരണ ബാങ്കിന്റെ 2,38,735 രൂപ പ്രസിഡന്റ് സി.ആർ. സുനിലും മന്ത്രിക്ക് കൈമാറി.
കുന്നംകുളം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ നാരായണൻ, സെക്രട്ടറിമാരായ കെ.ജെ. ബിജു, കമലാക്ഷി, സിൽവി, ഡയറക്ടർമാറായ എം പീതാംബരൻ, ഉഷ പ്രഭുകുമാർ, ടി.വി. ജോൺസൻ, തുടങ്ങിയവർ പങ്കെടുത്തു.