വാടാനപ്പിള്ളി: തളിക്കുളത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിഷു ദിനത്തിലും കോവിഡ് 19 ന്റെ ഭാഗമായി പരിശോധന നടത്തി. പഞ്ചായത്ത് പരിധിയിൽ വിവിധ പലചരക്ക് സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, പച്ചക്കറിക്കടകൾ, ശീതള പാനീയകടകൾ മത്സ്യ കച്ചവടം എന്നിവിടങ്ങളിലായിരുന്നു പരിശോധന. കച്ചവട സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും കൈ കഴുകാനുള്ള സൗകര്യമുണ്ടെന്നും ഉറപ്പാക്കി. മാസ്‌കോ മറ്റ് മുഖാവരണങ്ങളോ ഇല്ലാത്തവർക്ക് മുഖാവരണം വാങ്ങി അവരെ ധരിപ്പിച്ചുമാണ് ആരോഗ്യ പ്രവർത്തകർ വിഷു ആഘോഷിച്ചത്. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ്‌കുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് സി.ഐ. സീനത്ത് ബീവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.