മാള: ലോക്ക് ഡൗൺ കാലത്തും മുടക്കമില്ലാതെ കെ. കരുണാകരൻ സ്മാരക മാള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അന്നദാനം നടക്കുന്നു. മാള ഹോളി ഗ്രേസ് അക്കാഡമി സ്ഥാപനങ്ങളാണ് കഴിഞ്ഞ 13 വർഷമായി അനുകരണീയ മാതൃക തുടരുന്നത്. സ്ഥാപനങ്ങളും അടുക്കളയും അവധിയായിട്ടും ഈ പതിവ് തെറ്റിക്കില്ലെന്ന തീരുമാനത്തിലാണ് മാനേജ്‌മെന്റ്.
ആശുപത്രിയിലേക്ക് മാത്രമായി ഭക്ഷണം ഒരുക്കുന്നതിന് അടുക്കള തുറന്നിരിക്കുകയാണ്. ഏത് പണിമുടക്ക് വന്നാലും ഈ അടുക്കള ഇങ്ങനെ തുറന്ന് പ്രവർത്തിക്കും. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രണ്ട് നേരവും ഭക്ഷണം എത്തിച്ചു നൽകുന്നത് കഴിഞ്ഞ 13 വർഷത്തിനിടെ ഒരു നേരം പോലും മുടക്കിയിട്ടില്ല. ഹോളി ഗ്രേസിലെ വിദ്യാർത്ഥികളും ജീവനക്കാർക്കുമെല്ലാം ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയിൽ തന്നെയാണ് ആശുപത്രിയിലേക്കുള്ള ഭക്ഷണമൊരുക്കുന്നതും.
എത്ര പേർക്കാണ് ഭക്ഷണം വേണ്ടതെന്ന സന്ദേശം രാവിലെ ആശുപത്രിയിൽ നിന്ന് ലഭിക്കും. ഇതനുസരിച്ചാണ് ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും തയ്യാറാക്കി ഹോളി ഗ്രേസിലെ തന്നെ വാഹനത്തിൽ എത്തിച്ചു നൽകുന്നത്. ചില ദിവസങ്ങളിൽ വിദ്യാർഥികൾ ആശുപത്രിയിലെ കിടപ്പു രോഗികളേയും കൂട്ടിരിപ്പുകാരെയും ആശ്വസിപ്പിക്കാനെത്തും. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി തുടങ്ങിയ ഈ അന്നദാനത്തിൽ വിശേഷ ദിവസങ്ങളിൽ പ്രത്യേക സദ്യയും ബിരിയാണിയുമെല്ലാം ഇടം പിടിക്കാറുണ്ട്.
മറ്റ് ദിവസങ്ങളിൽ കഞ്ഞി, പയർ, തോരൻ, അച്ചാർ തുടങ്ങിയവയാകും ഉണ്ടാകുക. പ്രളയ ബാധിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതും നിരവധി നിർദ്ധന വിദ്യാർത്ഥികൾക്ക് ഫീസിളവ് ചെയ്തു കൊടുക്കുന്നതും അർഹരായവർക്ക് സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. മാള ഹോളി ഗ്രേസ് അക്കാഡമി അനുബന്ധ സ്ഥാപനങ്ങളായ സി.ബി.എസ്.ഇ സ്‌കൂൾ,ഹോളിഗ്രേസ് അക്കാഡമി ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് , ഹോളിഗ്രേസ് അക്കാഡമി ഒഫ് എൻജിനിയറിംഗ് , ഹോളിഗ്രേസ് അക്കാഡമി ഒഫ് ആർട്‌സ് ആൻഡ് സയൻസ്, ഹോളി ഗ്രേസ് അക്കാഡമി ഒഫ് ഹോട്ടൽ മാനേജ്മന്റ്, ഹോളിഗ്രേസ് പോളിടെക്‌നിക് കോളേജ്, ഹോളിഗ്രേസ് അക്കാഡമി ഒഫ് ഫർമസി, ചാണക്യ ഐ.എ.എസ് അക്കാഡമി, ഹോളിഗ്രേസ് ജെയ്ൻ യൂണിവേഴ്‌സിറ്റി സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ , നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിംഗ്, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവയാണ് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.