ഗുരുവായൂർ: വിഷു പുലരിയിൽ കണ്ണനെ കണി കാണാൻ പതിനായിരങ്ങളെത്തുന്ന ഗുരുവായൂരിൽ ഭക്തരില്ലാതെയായിരുന്നു ഇത്തവണ വിഷുക്കണിദർശനം. ഗുരുവായൂർ ക്ഷേത്ര ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ഭക്തജനപ്രവാഹവും, വിഷുവിളക്കാഘോഷവും, വിഷുസദ്യയും, കാഴ്ച ശീവേലിയും ഇത്തവണ ഉണ്ടായില്ല. കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായാണ് വിഷു കണി ദർശനത്തിന് ഭക്തർക്ക് അനുമതി നൽകാതിരുന്നത്. ക്ഷേത്രത്തിലെ ഡ്യൂട്ടിക്കാരായ വിരലിലെണ്ണാവുന്ന ശാന്തിക്കാർക്കും പാരമ്പര്യക്കാർക്കും മാത്രമായിരുന്നു പ്രവേശനം.
തിങ്കളാഴ്ച രാത്രി അത്താഴ പൂജ കഴിഞ്ഞ് തൃപ്പുകയ്ക്കു ശേഷം ശാന്തിയേറ്റ കീഴ്ശാന്തിമാരായ കീഴേടം വാസുണ്ണി നമ്പൂതിരി, കൊടയ്ക്കാട് ശശി നമ്പൂതിരി എന്നിവർ ചേർന്ന് ശ്രീലകത്ത് കണിക്കോപ്പ് ഒരുക്കി. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണി ഒരുക്കിയത്. ഓട്ടുരുളിയിൽ ഉണക്കലരി, കണിക്കൊന്ന, വെള്ളരി, സ്വർണം, ഗ്രന്ഥം, അലക്കിയ മുണ്ട്, പുതുപ്പണം, മുല്ലപ്പൂവ്, ചക്ക, മാമ്പഴം തുടങ്ങിയവയായിരുന്നു കണിക്കോപ്പുകൾ.
ചൊവ്വാഴ്ച പുലർച്ചെ 2.15ന് മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് ഗുരുവായൂരപ്പനെ കണി കാണിച്ചു. തുടർന്ന് അലങ്കാരത്തോടുകൂടി സ്വർണത്തിടമ്പ് പൊൻപീഠത്തിൽ എഴുന്നള്ളിച്ചുവച്ചു. മുന്നിൽ കണക്കോപ്പുകളും ഒരുക്കി. ഇത്തവണ കണികാണാൻ ഭക്തരില്ലെങ്കിലും ചടങ്ങുകൾ പതിവുപോലെ നടന്നു. വിഷുക്കണി ദർശനത്തിന് ശേഷം തെലാഭിഷേകവും വാകച്ചാർത്തുമടക്കമുള്ള പതിവു ചടങ്ങുകളും നടന്നു.
ഇത്തവണ ക്ഷേത്ര നടപന്തലിലേയ്ക്കു തന്നെ ഭക്തർക്ക് പ്രഹവേശനം ഉണ്ടായില്ല. തലേദിവസം വൈകീട്ടോടെ തന്നെ നടപന്തലിലേയ്ക്കുള്ള പ്രവേശന കവാടങ്ങളെല്ലാം തന്നെ ദേവസ്വം ബാരിക്കേഡ് വച്ചുകെട്ടി അടച്ചിരുന്നു. ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം നിരോധിച്ചതോടെ ക്ഷേത്രത്തിലെ വരുമാനവും ഇല്ലാതായി. ഓരോ മാസവും കോടികൾ ഭണ്ഡാരം വരവായി മാത്രം ലഭിക്കുന്ന ക്ഷേത്രത്തിൽ ഇനി ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നതുവരെ ഭണ്ഡാരവരവും ഉണ്ടാകില്ല.