തൃശൂർ : ആദിവാസി വീടുകളിലെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി ആയുർവേദ ഡോക്ടർമാരുടെ സംഘം സന്ദർശനം നടത്തുന്നു. കൊവിഡ് കാലത്ത് പകർച്ച വ്യാധികൾ പടരാതിരിക്കാനുള്ള മുൻകരുതലായാണ്‌ ജില്ലാ കളക്ടർ ഡോ. ഷാനവാസ്‌ ആയുർവേദ വിഭാഗത്തെ ഈ ദൗത്യം ഏൽപ്പിച്ചത്. ജില്ലയിലെ ഒമ്പത് പഞ്ചായത്തുകളിലായി അറുപതിന് അടുത്ത് ഊരുകളിലെ ആദിവാസി സമൂഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലജ കുമാരി അറിയിച്ചു. കോളനികളിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി പൊതുവെ തൃപ്തികരമാണെങ്കിലും ചില ഊരുകളിൽ കുടിവെള്ള ക്ഷാമം ഉണ്ട്. മദ്യം, ലഹരി എന്നിവ ഉപയോഗിക്കുന്നതായും പറയുന്നു. ഭക്ഷണം ലഭ്യമാകുന്നുണ്ടെങ്കിലും പോഷകാഹാര കുറവുണ്ട്. ആയുർവേദ പ്രതിരോധ ഔഷധങ്ങൾ നൽകുകയും വ്യക്തി ശുചിത്വത്തിന്റെയും, പരിസരശുചിത്വത്തിന്റെയും ആവശ്യകത ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. അന്തരീക്ഷ ശുചീകരണത്തിന് അപരാജിത ധൂപചൂർണം നൽകി. പുത്തൂർ കോളനി സന്ദർശനത്തിൽ ചീഫ് വിപ് കെ. രാജൻ പങ്കാളിയായി. പഞ്ചായത്ത്‌ പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ, എസ്.ടി പ്രൊമോട്ടർ മാർ എന്നിവർ സംഘത്തെ അനുഗമിച്ചിരുന്നു. പത്ത് ആയുർവേദ ഡോക്ടർമാർ പങ്കെടുത്തു...