കാഞ്ഞാണി: ലോക്ക് ഡൗൺ നീട്ടിയതോടെ കൈയിലുള്ള പൈസ തീരുകയും, മണലൂർ പഞ്ചായത്ത് സാമൂഹിക പാചക പുര വഴി ഭക്ഷണം ലഭ്യമാകുന്നില്ലെന്നും, പട്ടിണി അകറ്റണമെന്നും ആവശ്യപ്പെട്ട് മണലൂർ പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികൾ അന്തിക്കാട് സ്റ്റേഷനിലെത്തി. പരാതി പറയാനെത്തിയ തൊഴിലാളികളുടെ അവസ്ഥ മനസിലാക്കിയ പൊലീസ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കുള്ള ഭക്ഷണത്തിനുള്ള സാമഗ്രികൾ എത്തിച്ചു നൽകി.
മാങ്ങാട്ടുകര വഴിയമ്പലത്തിനു സമീപത്താണ് 34 അതിഥി തൊഴിലാളികൾ താമസിക്കുന്നത്. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ മണലൂർ പഞ്ചായത്ത് ഇവർക്കായി മൂന്ന് ചാക്ക് അരി നൽകിയിരുന്നു. എന്നാൽ തുടർന്ന് ആവശ്യമായ ഭക്ഷണം ലഭ്യമാക്കിയില്ല എന്നാണ് തൊഴിലാളികളുടെ പരാതി. പണിയെടുത്ത് കിട്ടിയ പൈസ കയ്യിൽ വച്ച് നടക്കുന്ന ശീലമില്ലാത്തവരാണിവർ.
രണ്ടു ദിവസം കൂടുമ്പോൾ നാട്ടിലേക്കോ, എക്കൗണ്ടിലേക്കോ പണമിടും. ഇതിനാൽ മണലൂർ കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് ഭക്ഷണം കിട്ടാതായതോടെ സാധനങ്ങൾ പൈസ കൊടുത്ത് വാങ്ങാനും കഴിയാതായതായി പറയുന്നു. ലോക്ക് ഡൗൺ വീണ്ടും നീട്ടിയതോടെയാണിവർ പരാതി പറയാൻ അന്തിക്കാട് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് സി.ഐ: പി.കെ. മനോജ് കുമാർ, എസ്.ഐ: കെ.ജെ. ജിനേഷ് എന്നിവരടങ്ങുന്ന ജനമൈത്രി പൊലീസിന്റെ സാന്നിദ്ധ്യത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കാവശ്യമായ ഭക്ഷണ സാമഗ്രികൾ എത്തിച്ചു നൽകുകയായിരുന്നു.
കരിവാരിത്തേക്കാനുള്ള ശ്രമം
മണലൂർ പഞ്ചായത്തിന്റെ മാതൃകാ പ്രവർത്തനങ്ങളെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മണലൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി പറഞ്ഞു. തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം അനധികൃതമാണ്. ലൈസൻസില്ല. നോട്ടീസ് കൊടുത്തിട്ടുള്ളതാണ്. കരാറുകാരൻ ഭീമമായ തുക ഇവരിൽ നിന്നും വാടകയായി ഈടാക്കുന്നുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം കരാറുകാർക്ക് തങ്ങളുടെ കീഴിലുള്ള തൊഴിലാളികൾക്ക് ഭക്ഷണം ഒരുക്കേണ്ട ചുമതലയുണ്ട്. ഇത് അനുസരിക്കാത്തവർക്കെതിരെ നിയമ നടപടി എടുക്കും.
- വിജി ശശി, പ്രസിഡന്റ്, മണലൂർ ഗ്രാമപഞ്ചായത്ത്