ചാലക്കുടി: ഇരുപത് ദിവസം പിന്നിടുമ്പോൾ പതിനായിരത്തി അഞ്ഞൂറ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ചാലക്കുടി നഗരസഭ. ഇരുനൂറ്റി എൺപത് ഭക്ഷണപ്പൊതികൾ ഉച്ചയ്ക്കും ഇരുനൂറോളം വൈകീട്ടും വിതരണം ചെയ്യുകയാണ്. നൂറോളം അന്യ സംസ്ഥാന തൊഴിലാളികൾക്ക് പ്രാതലും നൽകിവരുന്നു. ഇതിനു പുറമെ അന്യ സംസ്ഥാന തൊഴിലാളികളുടെ ചെറുതും വലുതുമായ 38 കേന്ദ്രങ്ങളിലേയ്ക്ക് ഭക്ഷ്യ ധാന്യങ്ങളും എത്തിക്കുന്നുണ്ട്. നഗരത്തിലെ സർവീസ് സഹകരണ ബാങ്കുകളാണ് പ്രധാനമായും സമൂഹ അടുക്കളുമായി സഹകരിക്കുന്നത്. മറ്റു സാമുദായിക സാംസ്‌കാരിക സംഘടനകളും സംരംഭത്തിലേയ്ക്ക് സാമഗ്രികളും സംഭാവനകളും നൽകി വരുന്നുണ്ടെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ പറഞ്ഞു. കൊവിഡ് കാലത്തെ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണ് പൊതു സമൂഹത്തിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ ചൂണ്ടിക്കാട്ടി. മൂന്നു നേരത്തും ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന പ്രവർത്തനം ഇത്രയും വിജയകരമായതിന് പിന്നിൽ അതാതു വാർഡുകളിലെ തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരുടെ സേവനമാണെന്ന് പാർലിമെന്ററി പാർട്ടി ലീഡർ പി.എം. ശ്രീധരൻ പറഞ്ഞു.