കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ വാടക വീട്ടിൽ താമസിക്കുന്ന ഒന്നര മാസം പ്രായമുള്ള കുട്ടി ഉൾപ്പടെയുള്ള പതിനഞ്ചംഗ കുടുംബത്തിന്റെ ദൈന്യത നാടിന്റെ വേദനയാകുന്നു. സാമൂഹികമായി പിന്നാക്കാവസ്ഥയിൽ കഴിയുന്ന വിഭാഗത്തിൽപെട്ട ഈ കുടുംബം ഇവിടെ ജീവിക്കുന്നുവെന്നതിന് യാതൊരു രേഖയുമില്ല. നാട്ടുകാരാണ് ഇവർക്ക് സഹായം നൽകുന്നത്. റേഷൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയ ഔദ്യോഗിക രേഖകളും ഇവർക്കില്ല.
തലമുറകളായി ജില്ലയിൽ പലയിടങ്ങളിലായി താമസിച്ചു വരുന്ന ഇവർ കഴിഞ്ഞ ഏതാനും വർഷമായി പി. വെമ്പല്ലൂർ മേഖലയിലുണ്ട്. വർഷങ്ങൾക്ക് മുമ്പ് പി. വെമ്പല്ലൂരിലെ തുറസായൊരു മൈതാനത്ത് തമ്പടിച്ചിരിക്കെ, ഇവർക്ക് നേരെയുണ്ടായ പൊലീസ് നടപടി വിവാദമായിരുന്നു. ശ്രീനാരായണപുരം പഞ്ചായത്തിലെ കോൺ. പാർലമെന്ററി പാർട്ടി നേതാവ് കെ.ആർ അശോകന്റെ ഇടപെടൽ പൊലീസിനെ വെട്ടിലാക്കി. പിന്നീട് പ്രശ്‌നം രമ്യമായി തീർന്നതോടെയാണ് ഇവരുടെ താമസം വാടക വീട്ടിലേക്കായത്. കഴിഞ്ഞ ഒന്നര വർഷമായി പഞ്ചായത്തിലെ ഒന്നാം വാർഡിലാണിവരുടെ താമസം. മുതിർന്ന പുരുഷന്മാർ കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റിയിരുന്നത് എന്നാൽ ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ പണിയില്ലാതായി. പഞ്ചായത്ത് അധികൃതരും ഇ.ടി.ടൈസൻമാസ്റ്റർ എം.എൽ.എയുമൊക്കെ ഇവരുടെ ദൈന്യാവസ്ഥ തിരിച്ചറിഞ്ഞിരുന്നു. പലപ്പോഴും ശ്രീനാരായണപുരം പഞ്ചായത്തും പൂവ്വത്തുംകടവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉഷ ശ്രീനിവാസനുമൊക്കെ ഈ കുടുംബത്തിന് കഴിയാവുന്ന സഹായമെത്തിക്കുന്നുണ്ട്. വിഷു ദിനത്തിൽ എസ്.എൻ. പുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സൈനുദ്ദീൻ കാട്ടകത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വാണി പ്രയാഗ് എന്നിവരുടെ നേതൃത്വത്തിലും സഹായം നൽകി.
വാടകയ്ക്ക് കഴിയുന്ന വീടിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് ആവശ്യമായ റേഷൻ കാർഡ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി, അനൗദ്യോഗികമായി നിശ്ചയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എസ് രാമദാസ് വ്യക്തമാക്കി.