ആമ്പല്ലൂർ: ജംഗഷന് സമീപം താമസിക്കുന്ന 50 ഓളം അന്യസംസ്ഥാന തൊഴിലാളികൾ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണ പൊതി തേടി തെരുവിലിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നോടെയായിരുന്നു സംഭവം. ഇവരുടെ കൈവശമുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ തീർന്നതിനെ തുടർന്നായിരുന്നു സംഭവം. തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടം കൂടി നിൽക്കുന്നതു കണ്ട് എസ്.ഐ: സിദ്ദിഖ് അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ തൊഴിലാളികളോട് കാര്യം തിരക്കി. ഇവരുടെ താമസസ്ഥലം പരിശോധിച്ചു. കരാറുകാരനെ വിളിച്ചു വരുത്തി ലോക്ക് ഡൗൺ തീരുന്നതുവരെ ഭക്ഷണ വസ്തുകൾ നൽകാൻ നിർദ്ദേശിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ പൊതിച്ചോറും, അരിയും എത്തിച്ചു. ഇവരുടെ ആവശ്യങ്ങൾ അധികൃതരെ അറിയിക്കാനും കൂട്ടം കൂടി നിൽക്കാൻ അനുവദിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു.