തൃശൂർ: സ്പിരിറ്റ് കഴിച്ച് ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളിവട്ടം കൊണ്ടയാറ വീട്ടിൽ ഹേമന്ത് ചന്ദ്രൻ (34), വള്ളിവട്ടം കരിങ്ങോട് വീട്ടിൽ വിനു (30) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോക്ക് ഡൗണിനെത്തുടർന്ന് മദ്യം ലഭിക്കാത്തതിനാൽ ആറു യുവാക്കൾ ചേർന്ന് ബുധനാഴ്ച സ്പിരിറ്റ് വാങ്ങി കഴിക്കുകയായിരുന്നു. സ്പിരിറ്റ് കഴിച്ച് അവശതയിലായതിനാൽ നാട്ടുകാരുടെ സഹായത്തോടെ ഹേമന്ത് ചന്ദ്രനെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും, വിനുവിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രയിയിലും പ്രവേശിപ്പിച്ചു. ഇരുവരെയും പിന്നീട് ഐ.സി.യുവിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഥലത്തു പൊലീസ് പരിശോധന തുടരുന്നു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.