തൃശൂർ : ലോക്ക് ഡൗണിനെ തുടർന്ന് തൃശൂർ പൂരത്തിനും ലോക്ക് വീണതോടെ സാംസ്‌കാരിക നഗരിയുടെ സാമ്പത്തിക രംഗം തകിടം മറിഞ്ഞു. വ്യാപാരികൾക്ക് വിഷു കഴിഞ്ഞാൽ ആകെ ഉണ്ടായിരുന്ന പ്രതീക്ഷയായിരുന്നു പൂരക്കച്ചവടം. പൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പുറമേ പൂര നഗരിക്ക് ചുറ്റുമുള്ള എല്ലാ സ്ഥാപനങ്ങളിലും വൻതിരക്കാണ് അനുഭവപ്പെടാറ്. എക്‌സിബിഷൻ സ്റ്റാളുകളിൽ മാത്രം മൂന്നുറോളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കാറ്. ഇത്തരത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രതിസന്ധിയിലായേക്കും. പൂരം പ്രദർശനം ആരംഭിക്കുന്നത് മുതൽ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് നീങ്ങുകയാണ് പതിവ്..
വസ്ത്ര വ്യാപാര മേഖല
ചെറുതും വലുതുമായ നൂറ് കണക്കിന് വസ്ത്രവ്യാപാര സ്ഥാപനങ്ങളാണ് തൃശൂരിൽ ഉള്ളത്. വർഷക്കാലം കഴിഞ്ഞ് ഓണം വരെയുള്ള പ്രവർത്തനങ്ങൾക്ക് ഏറെ ആശ്വാസമാണ് ഈസ്റ്ററും, വിഷുവും പിന്നാലെയെത്തുന്ന പൂരവും. പലരും ഇത് മുന്നിൽ കണ്ട് കുറെയേറെ സ്റ്റോക്കും വരുത്തിയിരുന്നു. സ്‌കൂൾ വിപണിയിൽ പോലും ഇത്തവണ പ്രതീക്ഷയില്ലാത്ത നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് വ്യാപാരികളും പറയുന്നത്.
ചെറുകിട കച്ചവടക്കാർ
ആഘോഷങ്ങളിലൂടെ ജീവിതമാർഗ്ഗം കണ്ടെത്തിയ നൂറ് കണക്കിന് പേർക്കാണ് പൂരം ഉൾപ്പെടെ ഇല്ലാതായതോടെ പ്രതീക്ഷയറ്റത്. മൈതാനങ്ങളിലെ കപ്പലണ്ടി കച്ചവടക്കാർ, ഐസ്‌ക്രീം വിൽപ്പനക്കാർ, വണിവാണിഭ കച്ചവടക്കാർ, കുപ്പിവെള്ള വിതരണക്കാർ എന്നിവർക്കെല്ലാം പൂരക്കാലം സമ്മാനിച്ചത് ഏറെ സന്തോഷമായിരുന്നു.
ബുക്കിംഗ് ഇല്ലാതെ ലോഡ്ജുകാർ
പൂരത്തിന് ഏകദേശം ആറുമാസം മുമ്പ് മുതൽ നഗരത്തിലെ ലോഡ്ജുകളിലും ഹോട്ടലുകളിലും ബുക്കിംഗ് ആരംഭിക്കും. സ്വരാജ് റൗണ്ടിന് ചുറ്റുമുള്ളവയിൽ റൂമുകൾ കിട്ടാൻ പലരുടെയും ശുപാർശകൾ തന്നെ വേണം. നൂറുക്കണക്കിന് വിദേശികളാണ് പൂരത്തിന് തൃശൂരിൽ എത്താറുള്ളത്. അവസാനമാകുമ്പോഴേക്കും ഒറ്റ മുറികൾ പോലും ലഭിക്കാത്ത അവസ്ഥയുണ്ടാകും. ഇത്തവണയും മാസങ്ങൾക്ക് മുമ്പ് തന്നെ പൂരത്തിനുള്ള മുറികൾ ബുക്കിംഗ് ആരംഭിച്ചിരുന്നെങ്കിലും പൂരമില്ലാതായതോടെ പ്രതീക്ഷകൾ അസ്തമിച്ചു.