തൃശൂർ : ലോക്ക് ഡൗൺ സമയം എങ്ങനെ നല്ല രീതിയിൽ ഉപയോഗിക്കാം എന്നതിന് വഴുക്കുമ്പാറയിലെ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മാതൃകയാകുന്നു. നഷ്ടപ്പെട്ട അദ്ധ്യയന ദിനങ്ങൾ ഓൺലൈൻ മീഡിയ വഴി ക്ലാസുകൾ എടുത്ത് പരിഹരിക്കുകയാണ് ഇവർ. ഇതിനായി സൗജന്യ സോഫ്‌റ്റ്‌വെയറുകളുടെ സഹായവുമുണ്ട്. പല വിദ്യാർത്ഥികളും ഉൾനാടുകളിലായതിനാൽ ലൈവ് ക്ലാസിന് പകരം റെക്കാഡഡ് വീഡിയോകളും ശബ്ദ സന്ദേശങ്ങളും പാഠഭാഗങ്ങളുടെ നോട്ടുകളും തയ്യാറാക്കി കുട്ടികൾക്ക് അയച്ചു കൊടുക്കുന്നുണ്ട്.
കൂടാതെ അവരുടെ സംശയങ്ങൾ നവ മാധ്യമങ്ങളിലൂടെ തീർക്കുന്നുമുണ്ട്. പഠന നിലവാരം അളക്കുന്നതിനായി വിദ്യാർത്ഥികൾക്ക് അസൈൻമെന്റുകൾ നൽകി ഉത്തരങ്ങൾ വിലയിരുത്തുന്നുണ്ട്. മേയ് മാസം ഒന്നാം തിയതിക്ക് മുൻപായി സിലബസ് അനുസരിച്ചുള്ള മുഴുവൻ ക്ലാസുകളും എടുത്തു തീർക്കുകയാണ് ലക്ഷ്യം. പരീക്ഷണശാലകളിലെ പ്രാക്ടിക്കൽ ക്ലാസുകൾ മാത്രം ലോക്ക് ഡൗൺ സമയത്തിനു ശേഷം പൂർത്തിയാക്കും. ലോക്ക് ഡൗൺ സമയം ഫലപ്രദമായും മാനസിക പിരിമുറുക്കം കുറക്കുന്നതിനുമായി കഥാ രചനയും ഉപന്യാസ മത്സരവും നടത്തുന്നുണ്ട്. 'അസന്റ് 2020' എന്ന് പേരിട്ടിരിക്കുന്ന വീട്ടിലിരുന്ന് ചെയ്യുന്ന കലാ മത്സരത്തിൽ തൃശൂരിലെയും സമീപ ജില്ലയായ പാലക്കാടിലെയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഫോൺ: 9072324336.