തൃശൂർ : എക്‌സൈസിന്റെ നേതൃത്വത്തിൽ നാടു നീളെ പരിശോധനകളും വാറ്റ് കേന്ദ്രങ്ങൾ നശിപ്പിക്കുമ്പോഴും നാട്ടിൽ അപകടകരമാം വിധം വാറ്റ് ചാരായം സുലഭമാകുന്നു. കഴിഞ്ഞ ഒരു വർഷം എക്‌സൈസ് വകുപ്പ് വാറ്റ് ചാരായവുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകളെക്കാൾ ഇരട്ടിയാണ് ലോക്ക് ഡൗൺ കാലത്ത് ഉണ്ടായിരിക്കുന്നത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞ് പൊലീസിന്റേതുൾപ്പെടെയുള്ള സഹായത്തോടെ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിക്കുന്നുണ്ടെങ്കിലും ഓരോ സ്ഥലത്തും പെരുകയാണ്. കഴിഞ്ഞ ദിവസം വള്ളിവട്ടത്ത് സ്പീരിറ്റ് കഴിച്ച് രണ്ട് പേർ ഗുരുതരാവസ്ഥയിലായിരുന്നു. മദ്യം കഴിക്കുന്നത് നിറുത്താൻ ചികിത്സയിലായിരുന്നവരാണ് സ്പിരിറ്റ് ലഭിച്ചതോടെ കഴിച്ച് ഗുരുതരാവസ്ഥയിലായത്.

കഞ്ചാവ് ചെടി വളർത്തലും

അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് വരവ് നിലച്ചതോടെ കഞ്ചാവ് ചെടികൾ നട്ടു വളർത്തലിലേക്കും ഇത്തരം സംഘങ്ങൾ തിരിഞ്ഞുതുടങ്ങി. ഇന്നലെ കൊടുങ്ങല്ലൂരിൽ നിന്ന് 55 കഞ്ചാവ് ചെടികളാണ് കണ്ടെത്തി നശിപ്പിച്ചത്. ലോക്ക് ഡൗണിന് ശേഷം നട്ടുവളർത്തിയ ചെടികളാണ് നശിപ്പിച്ചത്.

വീടുകളിലും വാറ്റ്

ആദ്യമൊക്കെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും കാട്ടിലും പുഴയോരങ്ങളിലുമാണ് വ്യാപകമായി വാറ്റ് നടന്നിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വീടുകളിലും വാറ്റ് നടക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഡ്രോൺ സംവിധാനം ഉൾപ്പടെ ഉപയോഗിക്കുന്നുണ്ടെങ്കിലും വീടുകളിലേക്കും മറ്റും ഇത് വ്യാപിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് എക്‌സൈസ് അധികൃതർ.

ലിറ്ററിന് 2000 കടന്നു


ലോക്ക് ഡൗൺ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ വ്യാജ ചാരായത്തിന്റെ വിലയും കൂട്ടി. 14 ന് ലോക്ക് ഡൗൺ പിൻവലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മദ്യപന്മാർ. എന്നാൽ ഇത് നീണ്ടതോടെ മുതലെടുക്കുകയാണ് വാറ്റുകാർ. ലിറ്ററിന് 1,800 രൂപയ്ക്കാണ് വിറ്റിരുന്നതെന്ന് പിടിയിലായവർ പറഞ്ഞിരുന്നു. ഇപ്പോൾ 2,000 മുതൽ 2,200 രൂപയ്ക്കാണ് വിൽപ്പന. നേരത്തെ വാങ്ങി വീടുകളിൽ സൂക്ഷിച്ചിട്ടുള്ളവർ മദ്യത്തിന് ഒരോ ലിറ്ററിനും 2,000 മുതൽ 2,500 രൂപ രൂപ വരെ അധികം വാങ്ങുന്നതായും പറയുന്നു.

കർശന നടപടി എടുക്കും


വ്യാജവാറ്റ് കേന്ദ്രങ്ങൾക്കെതിരെ കർശനമായ നടപടിയുമായി മുന്നോട്ട് പോകും. വ്യാജ വാറ്റ് കേന്ദ്രങ്ങളെ കുറിച്ച് അറിവ് ലഭിച്ചാൽ ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കണം


(സാനു, എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണർ)