തൃശൂർ: ശമ്പളമില്ലാതെ കഷ്ടപ്പെടുന്ന കോഫി ഹൗസ് ജീവനക്കാർക്ക് വായ്പയെടുത്ത് ശമ്പളം നൽകാൻ നിർദ്ദേശം. ഇന്നലെ കളക്ടറേറ്റിൽ ചീഫ് വിപ്പ് കെ. രാജൻ, കളക്ടർ എസ്. ഷാനവാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കോഫി ഹൗസ് ഭരണ സമിതിയുടെയും തൊഴിലാളി യൂണിയൻ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് ഇന്നും യോഗം ചേരും. കേരള ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്ത് ശമ്പള വിതരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് കേരള ബാങ്ക് റീജണൽ മാനേജരുമായി കളക്ടർ ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. 2,200 ഓളം വരുന്ന തൊഴിലാളികൾക്ക് എകദേശം നാലര കോടിയോളം രൂപ ശമ്പളയിനത്തിൽ നൽകണം. എന്നാൽ 2,000 രൂപ അഡ്വാൻസ് മാത്രമാണ് ഇതുവരെ നൽകിയിരിക്കുന്നത്. എല്ലാ മാസവും ഇരുപതാം തിയതിക്ക് ശേഷം വരുന്ന വരുമാനം എടുത്താണ് ശബളം നൽകാറുള്ളത്. എന്നാൽ കഴിഞ്ഞ മാസം 20 ന് ശേഷം ഹോട്ടലുകൾ പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. നേരത്തെ വിവിധ ബാങ്കുകളെ വായ്പയ്ക്കായി സമീപിച്ചിരുന്നെങ്കിലും നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് വായ്പ നൽകാൻ വിസമ്മതിക്കുകയായിരുന്നു.