ameya
ആമേയ കാശുകുടുക്ക വി.ആർ.സുനിൽകുമാർ എം.എൽ.എക്ക് കൈമാറുന്നു

മാള: റംസാൻ പെരുന്നാളിന് സൈക്കിൾ വാങ്ങാൻ കൂട്ടിവച്ചത് കാശുക്കുടുക്ക പൊട്ടിച്ച് മൂന്നാം ക്ലാസുകാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മാള സ്വദേശി സി.ഐ നൗഷാദിന്റെ മകൾ ആമേയയാണ് ആ കൊച്ചുമിടുക്കി

വി.ആർ സുനിൽകുമാർ വീട്ടിലെത്തിയാണ് ആമേയയിൽ നിന്ന് പണം സ്വീകരിച്ചത്. മാള സൊക്കോർസോ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇതിനായി കാശ്കുടുക്കയിൽ നാണയങ്ങൾ കൂട്ടിവച്ചിരുന്നു. മാള പഞ്ചായത്ത് ആരോഗ്യ കർമ്മസേനയിൽ അംഗമായ നൗഷാദിനോട് മകളാണ് ഈ ആശയം പങ്കുവച്ചത്. റംസാൻ ഇനിയും വരും, അപ്പോൾ വീണ്ടും കാശുകുടുക്കയിൽ പണമുണ്ടാകുമ്പോൾ സൈക്കിൾ വാങ്ങാമെന്നാണ് ആമേയ പറഞ്ഞത്.

നാട് നേരിടുന്ന മഹാമാരിയെ ചെറുക്കാൻ സർക്കാരിനൊപ്പം കൈ കോർക്കാൻ മനസ് കാണിച്ച ആമേയയെ എം.എൽ.എ അഭിനന്ദിച്ചു. ദുരിതാശ്വാസ നിധി സമാഹരണം സംബന്ധിച്ച മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടപ്പോൾ മനസിൽ തോന്നിയ ആശയമാണ് ആമേയയെ ഇതിനായി പ്രേരിപ്പിച്ചത്. റംസാന് ഒരു മാസം മുമ്പ് ആയതിനാൽ പ്രതീക്ഷിച്ച അത്രയും തുക ആയില്ലെങ്കിലും ഉണ്ടായിരുന്ന രണ്ടായിരത്തിലധികം രൂപ എം.എൽ.എയ്ക്ക് കൈമാറി.