തൃശൂർ: കൊവിഡിനെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ഡെങ്കിപ്പനിക്കെതിരെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. റീന കെ.ജെ. ജനങ്ങൾ വീടിനുള്ളിൽ കഴിയുന്ന സാഹചര്യത്തിൽ സ്വന്തം വീടും പരിസരവും വൃത്തിയാക്കാൻ ശ്രദ്ധ ചെലുത്തണം. ഇതുവഴി മറ്റൊരു ഭീഷണിയായി തീരാവുന്ന ഡെങ്കിപ്പനിയെയും പ്രതിരോധിക്കാനാവുമെന്നും ഡി.എം.ഒ. അറിയിച്ചു.
ജില്ലയിൽ വേനൽമഴ പെയ്തതിന് ശേഷം കൊതുകു സാന്ദ്രത വർദ്ധിച്ചതായി കാണുന്നതിനാൽ ഡെങ്കിപ്പനി കൂടുതൽ പടരാനുള്ള സാദ്ധ്യത വളരെയേറെയാണ്. ഈ വർഷം ജനുവരി മുതൽ ആകെ 23 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടുതൽ ഡെങ്കി പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് വെള്ളാനിക്കര, മുണ്ടത്തിക്കോട്, വരാന്തരപ്പള്ളി, നടത്തറ, വരവൂർ, കൂർക്കഞ്ചേരി, കൊണ്ടാഴി പ്രരദേശങ്ങളിലാണ്. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ലക്ഷണങ്ങൾ. രോഗലക്ഷണം കണ്ടാൽ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടണം. രോഗം കുറഞ്ഞാലും രണ്ടാഴ്ചയോളം വിശ്രമിക്കുവാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. നാലുതരം ഡെങ്കി വൈറസുകൾ നമ്മുടെ നാട്ടിലുണ്ട്. ഇതിൽ ഏതെങ്കിലും ഒരു തരം വൈറസ് മൂലം രോഗബാധിനായ ആൾ അടുത്ത തവണ അസുഖ ബാധിതനാകുമ്പോൾ മറ്റൊരു തരം വൈറസ് ആണ് രോഗകാരിയെങ്കിൽ രോഗം കൂടുതൽ ഗുരുതരമാകും. അതിനാൽ ഒരാൾക്ക് തന്നെ രണ്ടാമത്തേയും മൂന്നാമത്തെയും തവണ ഡെങ്കിപ്പനി വന്നാൽ മരണം വരെ സംഭവിച്ചേക്കാം.