ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവ് സെന്ററിൽ ഉള്ള ദേശീയപാതയോരത്തെ ഭീമൻ ആൽമരത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. അഗ്‌നിരക്ഷാസേന ഉൾപ്പെടെയുള്ളവരെത്തി തീ അണക്കാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ ഒടുവിൽ മരം മുറിച്ചുനീക്കി.

ഇന്നലെ രാവിലെ എട്ടരയോടെയാണ് മരത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് സമീപത്തെ വീട്ടുകാർ കണ്ടത്. തുടർന്ന് വീട്ടുകാർ പൈപ്പ് ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ പഞ്ചായത്ത് അംഗം കെ.ജെ. ചാക്കോ ഉൾപ്പെടെയുള്ളവരെത്തി അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. അഗ്‌നിരക്ഷാസേന തീയണച്ചെങ്കിലും കൂറ്റൻ ആൽമരത്തിന്റെ തടിക്കുള്ളിൽ നിന്ന് പിന്നെയും പുക ഉയർന്നതോടെ മരം പൂർണമായും മുറിച്ചുനീക്കി.

ഗതാഗതത്തിന് ഭീഷണിയായതിനെ തുടർന്ന് എതാനും വർഷങ്ങൾക്ക് മുമ്പ് മരത്തിന്റെ കൊമ്പുകളെല്ലാം മുറിച്ചുനീക്കിയിരുന്നു.10 അടി ഉയരത്തിൽ തായ്ത്തടി ഒഴിച്ചുള്ള ഭാഗം മാത്രം നിറുത്തിയാണ് അന്ന് ആൽമരത്തിന്റെ കൊമ്പുകളും മറ്റും മുറിച്ചുനീക്കിയത്. ഇതിനാൽ മരത്തിന് തായ്ത്തടിയല്ലാതെ കാര്യമായ കൊമ്പും ചില്ലകളും ഉണ്ടായിരുന്നില്ല.

ഗുരുവായൂർ അഗ്‌നിരക്ഷാസേന എസ്.എഫ്.ആർ.ഒ. ടി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ.ആർ. റഷീദ്, സനൽകുമാർ, പി. ഷാൻ, സതീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്‌. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖലി, പഞ്ചായത്ത് പ്രസിഡന്റ് പി.പി. മൊയ്‌നുദീൻ എന്നിവരും സ്ഥലത്തെത്തി.