ചാവക്കാട്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വി.കെ. മോഹനൻ സ്മാരക കാർഷിക സംസ്‌കൃതിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് ജൈവ പച്ചക്കറികൾ നൽകി. കൃഷി ചെയ്യാനുള്ള വിത്തും സഡോമോണസും നൽകി. നടൻ ശിവജി ഗുരുവായൂർ വിതരണോദ്ഘാടനം നിർവഹിച്ചു. ചാവക്കാട് എസ്.എച്ച്.ഒ അനിൽ ടി. മേപ്പിള്ളി വിത്തുകളുടെയും സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ സഡോമോണസിന്റെയും വിതരണം ഉദ്ഘാടനം നിർവഹിച്ചു.
മുഴുവൻ ആളുകളെ കൊണ്ടും കൃഷി ചെയ്യിപ്പിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി ആറു വർഷം മുൻപ് ഇപ്പോഴത്തെ കൃഷി വകുപ്പ് മന്ത്രിയും അന്നത്തെ എം.എൽ.എയും ആയിരുന്ന വി.എസ്. സുനിൽകുമാർ ചെയർമാനായി ജില്ലാ അടിസ്ഥാനത്തിൽ ആരംഭിച്ച സംഘടനയാണ് വി.കെ. മോഹനൻ സ്മാരക കാർഷിക സംസ്‌കൃതി. ദിവസങ്ങൾക്ക് മുമ്പ് ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്കും സംഘടന ജൈവ പച്ചക്കറികൾ നൽകിയിരുന്നു. മുൻവർഷങ്ങളിൽ താലൂക്ക് ആശുപത്രി വളപ്പിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ ജീവനക്കാരുടെ സഹകരണത്തോടെ പച്ചക്കറി കൃഷി ചെയ്ത് വിളവെടുത്തിരുന്നു.
ചടങ്ങിൽ സംഘടനാ ജില്ലാ ഭാരവാഹി കെ.വി. രാജേഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. ശ്രീജ സുനിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.