ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ താത്കാലിക മേൽശാന്തിയായി പഴയത്ത് സതീശൻ നമ്പൂതിരിയെ നിയമിച്ചു. ക്ഷേത്രം ഓതിക്കൻ കുടുംബാംഗമായ അദ്ദേഹം ഇന്ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം ചുമതലയേൽക്കും. മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയുടെ കാലാവധി മാർച്ച് 31ന് അവസാനിച്ചിരുന്നു. ലോക്ക് ഡൗൺ മൂലം പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ നടത്താനായില്ല. ഈ സാഹചര്യത്തിലാണ് മുൻ മേൽശാന്തിയും ക്ഷേത്രം ഓതിക്കനുമായ പഴയത്ത് സതീശൻ നമ്പൂതിരിയെ നിയോഗിക്കാൻ തീരുമാനിച്ചത്. നിലവിലെ മേൽശാന്തിയുടെ പിതൃസഹോദര പുത്രനാണ്.
ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ എന്നിവർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായും നാല് ഓതിക്കൻ കുടുംബങ്ങളിലെ മുതിർന്ന അംഗങ്ങളുമായും ദേവസ്വം ഭരണസമിതി അംഗങ്ങളുമായും കൂടിയാലോചിച്ചാണ് നിയമനം നടത്തിയത്.
പുതിയ മേൽശാന്തി ചുമതല ഏൽക്കുന്നതുവരെ തുടരും. 2014 ഏപ്രിൽ ഒന്നു മുതൽ സെപ്തംബർ 30വരെ മേൽശാന്തി ആയിരുന്നു.