കൊടുങ്ങല്ലൂർ: യുവാക്കൾ തമ്പടിച്ചിരുന്ന, ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. 20 സെന്റി മീറ്ററോളം വലിപ്പത്തിൽ വളർന്ന 56 കഞ്ചാവ് ചെടികൾ ഇവിടെ നിന്നും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എറിയാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ തട്ടുപള്ളി-ഐ.എച്ച് ആർ.ഡി കോളേജ് റോഡിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം പ്രവീണിൻ്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് ചെടികൾ കസ്റ്റഡിയിലെടുത്തത്.

കഞ്ചാവ് ഉൾപ്പടെയുള്ളവയുടെ ലഹരിക്ക് അടിമകളായവരെന്ന് കരുതുന്ന നിരവധി യുവാക്കൾ ഈ ഭാഗത്ത് തമ്പടിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇവർക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ ഒരു പൊതുപ്രവർത്തകന് നേർക്ക് രണ്ട് മാസം മുൻപ് കൈയേറ്റവുമുണ്ടായി.

ഇതേത്തുടർന്ന് ഇവിടെ താത്കാലികമായി ഉണ്ടാക്കിയിരുന്ന ഷെഡ്ഢ് നാട്ടുകാർ ചേർന്ന് ചുട്ടെരിച്ചിരുന്നു. ഇതോടെ എക്‌സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി. ഇതിനിടെ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കൊടുങ്ങല്ലൂരിൽ ഇത്രയധികം കഞ്ചാവ് ചെടികൾ ഒരുമിച്ച് ലഭിക്കുന്നത് ആദ്യമായാണ്. കഞ്ചാവ് കൃഷി ചെയ്തവരെ കുറിച്ചുളള അന്വേഷണം തുടർ ദിവസങ്ങളിൽ ഉണ്ടാകുമെന്നും സി.സി.ടി.വി. കാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു. എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ പി.ആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് ഇ. പോൾ, ജദീർ പി.എം എന്നിവരും ഉണ്ടായിരുന്നു.

സി.പി.എം കൊടിയെ ചൊല്ലി രാഷ്ട്രീയ വിവാദം

ഇതേസമയം കഞ്ചാവ് കൃഷിത്തോട്ടത്തിൽ സി.പി. എം കൊടി കണ്ടെത്തിയതുമായി ബന്ധപ്പെട്ടും വിവാദമുണ്ടായി. ഇവിടെ കൊടി കൊണ്ടിട്ടതിന് പിന്നിൽ കോൺഗ്രസുകാരാണെന്നാണ് സി.പി.എം ആക്ഷേപം. എന്നാൽ കോൺഗ്രസ് ശക്തികേന്ദ്രത്തിൽ സ്വാധീനമുറപ്പിക്കാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന് പ്രഖ്യാപിച്ച് ഇവിടെ തമ്പടിച്ചിരുന്നവർക്ക് പിന്തുണ നൽകിയിരുന്നത് സി.പി.എമ്മാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. കഞ്ചാവ് കൃഷി നടത്തിയവരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കയ്പ്പമംഗലം മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. തീരമേഖലയിൽ കഞ്ചാവും, മയക്കുമരുന്നും, വ്യാജമദ്യ കച്ചവടവും പൊടിപൊടിക്കുകയാണെന്നും ഇതിന് പിന്നിലെ സി.പി.എം ബന്ധം പരസ്യമായ രഹസ്യമാണെന്നും മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി ആരോപിച്ചു..