തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആന തറവാട്ടിൽ നിന്ന് നാലു വർഷത്തിനിടെ നഷ്ടമായത് ആന പ്രേമികളുടെ മനസിൽ ഇടം നേടിയ നാലു കൊമ്പന്മാർ. ഗിരീശൻ, തമ്പുരാൻ നാരായണൻ, ബലരാമൻ, അവസാനം സീതാരാമൻ എന്നീ കൊമ്പന്മാരാണത്. ഇന്നലെ തൃപ്പൂണിത്തുറയിൽ ചെരിഞ്ഞ സീതാരാമനെ വടക്കാഞ്ചേരി ഊത്രാളിക്കാവ് ക്ഷേത്രത്തിലാണ് നടയിരുത്തിയത്. ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ദിവസം തന്നെ വിടപറഞ്ഞത് ആന പ്രേമികളെ ദുഃഖത്തിലാഴ്ത്തി. വടക്കാഞ്ചേരി രാമനാഥയ്യർ ട്രസ്റ്റ് കൊച്ചിൻ ദേവസ്വം ബോർഡിന് നൽകിയ മൂന്ന് ആനകളിൽ ഒന്നാണ് സീതാ രാമൻ.
75 വയസായെങ്കിലും ഉത്സവ പറമ്പുകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ പൂരം പുറപ്പാട് ചടങ്ങുകൾ മനഃപാഠമായിരുന്ന ബാലരാമൻ വിടപറഞ്ഞത് ഒരു വർഷം മുമ്പാണ്. പാദരോഗം ഉൾപ്പടെ നിരവധി രോഗങ്ങൾക്കിടയിലായിരുന്നു ബാലരാമന്റെ വിയോഗം. തൃപ്രയാർ ക്ഷേത്രത്തിൽ തണ്ടശ്ശരി തറവാട്ടുകാരാണ് ബാലരാമനെ നടയിരുത്തിയത്. തൃപ്പൂണിത്തുറയിൽ നടയിരുത്തിയ തമ്പുരാൻ നാരായണനും കൊടുങ്ങല്ലൂർ ഗിരീശനും ഏറെ ആരാധകരുണ്ടായിരുന്നു. സീതാരാമന്റെ വിയോഗത്തിലൂടെ ദേവസ്വം ബോർഡിന്റെ ആനക്കോട്ടയിലെ കൊമ്പന്മാരുടെ എണ്ണം പത്തായി.