photo
പുഞ്ചിരി വഞ്ചി

മാള: ലോക്ക് ഡൗൺ കാരണം വീട്ടിലിരിക്കുന്നവർക്ക് ആശ്വാസം പകരാൻ മാള പള്ളിപ്പുറം എന്റെ ഗ്രാമക്കാഴ്ചയുടെ പുഞ്ചിരി വഞ്ചി എത്തുന്നു. നേരമ്പോക്ക് മാത്രമല്ല അൽപ്പം ചിന്തയും ആരോഗ്യ ബോധവത്കരണവും സർഗ്ഗ ശേഷി പരിപോഷിപ്പിക്കലും ഈ വഞ്ചിയിലുണ്ട്.

പള്ളിപ്പുറം എന്റെ ഗ്രാമക്കാഴ്ച വാട്സ് ആപ്പ് കൂട്ടായ്മയാണ് കൊവിഡ് 19 കാരണം വീടുകളിൽ ലോക്കായവർക്കായി വേറിട്ട രീതിയിൽ വഞ്ചി തുഴയുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, വിനോദം എന്നീ മേഖലകളിലാണ് പുഞ്ചിരി വഞ്ചിയെത്തുന്നത്. നഴ്‌സറി കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് പരിപാടികൾ നടത്തുന്നത്. കുട്ടികൾക്കായി പുഞ്ചിരി മത്സരം മുതൽ ആക്ഷൻ സോംഗ്, കഥപറച്ചിൽ, പ്രശ്നോത്തരി, യുവ വിഭാഗത്തിനായി ടിക് ടോക്, പ്രസംഗ മത്സരം, ഉപന്യാസം, സ്റ്റാൻഡ് അപ് കോമഡി, മുതിർന്നവർക്കായി യോഗ, ഏറോബിക്സ്, വിവിധ വ്യായാമങ്ങൾ, രസകരമായ മത്സരം അടക്കം നിരവധി ഇനങ്ങളാണ് സംഘടിപ്പിക്കുന്നത്.

പൊയ്യ പഞ്ചായത്തിന്റെ ആരോഗ്യ ജാഗ്രത 2020 സമഗ്ര പകർച്ചവ്യാധി പ്രതിരോധ പ്രവർത്തന പദ്ധതിയിലും ഈ കൂട്ടായ്മ കൈകോർക്കുന്നുണ്ട്. ലോക്ക് ഡൗൺ കാരണം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൗൺസലിംഗ് നൽകുന്നുണ്ട്. കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റും കേരള കൗമുദി ലേഖകനുമായ ഇ.പി രാജീവ് ഓൺലൈൻ ആയി വീഡിയോയിലൂടെ പുഞ്ചിരി വഞ്ചി പദ്ധതി ഉദ്‌ഘാടനം ചെയ്തു. വിവിധ രംഗങ്ങളിലെ പ്രമുഖരായ രേവ സുബ്രഹ്മണ്യൻ, ബിനു കാളിയാടൻ, റോബിൻസൺ, ബിജു ചെന്തുരുത്തി, ആന്റണി തോമസ്, വിമൽ കണ്ടപ്പശ്ശേരി, ലിജോ പ്ലാക്കൽ എന്നിവരാണ് പുഞ്ചിരി വഞ്ചിയിലെ പരിപാടികളുടെ ചുക്കാൻ പിടിക്കുന്നത്.